കോൺഗ്രസ് നേതൃത്വത്തിന് നന്ദി, താൻ ആദരിക്കപ്പെട്ടു; പാർട്ടിയെ സേവിക്കാനായി കാത്തിരിക്കുന്നു -ശശി തരൂർ

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ നേതൃത്വത്തിന്​ നന്ദിയറിയിച്ച് ശശി തരൂർ എം.പി. പ്രവർത്തക സമിതിയിൽ അംഗമാക്കിയതിലൂടെ താൻ ആദരിക്കപ്പെട്ടെന്നും സഹപ്രവർത്തകർക്കൊപ്പം പാർട്ടിയെ സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എക്സ്​ (ട്വിറ്റർ) പ്ലാറ്റ്​ഫോമിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.

കഴിഞ്ഞ 138 വർഷമായി പാർട്ടിയെ നയിക്കുന്നതിൽ പ്രവര്‍ത്തക സമിതി വഹിച്ചിട്ടുള്ള പങ്കിനെക്കുറിച്ച് അറിയാവുന്ന ഒരാളെന്ന നിലയിൽ സമിതിയുടെ ഭാ​ഗമാകുന്നതിൽ അഭിമാനമുണ്ട്. പാർട്ടിയുടെ ജീവവായുവായ പ്രവർത്തകരെ കൂടാതെ നമുക്കൊന്നും ചെയ്യാൻ സാധിക്കില്ല.

മറ്റ് എല്ലാ കാര്യങ്ങൾക്കുമുപരിയായി അവരെ വണങ്ങുന്നു. കൂടാതെ, മെച്ചപ്പെട്ട ഒരു ഇന്ത്യയെ ആ​ഗ്രഹിക്കുന്ന ഇന്ത്യക്കാർ തങ്ങളിൽ നിന്നും ഏറ്റവും മികച്ചത് അർഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

39 അംഗ പ്രവർത്തക സമിതിയാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം പുനഃസംഘടിപ്പിച്ചത്. കേരളത്തിൽ നിന്ന് ശശി തരൂർ എം.പിയെ സമിതിയിൽ ഉൾപ്പെടുത്തി. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ സമിതിയിലെ സ്ഥിരം ക്ഷണിതാവായി നിയമിച്ചു.

നിലവിലെ പ്രവർത്തക സമിതിയംഗമായ മുതിർന്ന നേതാവ് എ.കെ ആന്‍റണി പദവിയിൽ തുടരും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സമിതിയിൽ അംഗമാണ്. കൊടിക്കുന്നിൽ സുരേഷ് സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്.

Tags:    
News Summary - Shashi Tharoor reacts to Congress working committee Membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.