ന്യൂഡൽഹി / തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി (ലെവൽ മൂന്ന് കാറ്റഗറി) കേന്ദ്രം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, പ്രത്യേക ധനസഹായമടക്കം കേരളത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് കത്തിൽ പരാമർശമില്ല.
കേന്ദ്ര മന്ത്രിതല സമിതി ദുരന്തമേഖല സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് ഇതിനകം ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് അധിക ദുരിതാശ്വാസ സഹായം കൈമാറിയിട്ടുണ്ടെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്.
സംസ്ഥാന സർക്കാറിനുതന്നെ പുനരുദ്ധാരണം സാധ്യമല്ലാത്ത ദുരന്തത്തെയാണ് ലെവൽ മൂന്ന് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. ദുരന്തത്തിൽ നഷ്ടമായ മനുഷ്യ ജീവനുകൾ, കന്നുകാലികൾ, വിളകൾ, സ്വത്ത്, തകർന്ന പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നാശനഷ്ടം കണക്കാക്കുമ്പോൾ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാറും മന്ത്രിതല സമിതിയും വിലയിരുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.