തിരുവനന്തപുരം: വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകന്‍റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിൽ പ്രതിഷേധിച്ചു സമരം നടത്തിയതിന് പത്രപ്രവർത്തക യൂനിയൻ ഭാരവാഹികൾക്കെതിരെ കേസ് എടുത്ത പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമെന്ന് കേരള പ്രവർത്തക യൂനിയൻ.
ജനപക്ഷത്തുനിന്നു വാർത്ത ചെയ്യുക മാധ്യമ ധർമമാണ്. അതിനു തടയിടാൻ പൊലീസ് ശ്രമിക്കുന്നത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല. അതുകൊണ്ടുതന്നെ അതിനെതിരെ പ്രതിഷേധിക്കേണ്ടത് ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമപ്രവർത്തകരുടെ ധാർമിക ഉത്തരവാദിത്തമാണ്. അതിന്‍റെ പേരിൽ യൂണിയൻ ഭാരവാഹികൾക്കെതിരെ കേസെടുക്കുന്നത് ഫാഷിസ്റ്റ് നടപടിയാണ്. മൗലികാവകാശങ്ങളുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ലംഘനമാണിത്.
രേഖാമൂലം മൂൻകൂട്ടി അറിയിച്ച് അനുമതിക്ക് അപേക്ഷ സമർപ്പിച്ച ശേഷമാണ് പത്രപ്രവർത്തക യൂണിയൻ സമരം നടത്തിയത്. ഏതെങ്കിലും വിധത്തിലുള്ള പ്രകോപനമോ, വഴിതടസ്സമുണ്ടാക്കാനുള്ള ശ്രമങ്ങളോ സമരത്തിനിടെ ഉണ്ടായിട്ടുമില്ല. തലസ്ഥാനത്ത് മാനവീയം വീഥിയിൽനിന്നു തുടങ്ങിയ പ്രതിഷേധ മാർച്ച് ഏതാണ്ട് 100 മീറ്റർ പിന്നിട്ടപ്പോൾ തന്നെ റോഡടച്ചു ബാരിക്കേഡ് ഉയർത്തി പൊലീസ് തടയുകയായിരുന്നു.
യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. ശിവൻകുട്ടി അടക്കമുള്ളവരുടെ ഹ്രസ്വമായ സംസാരത്തിനു ശേഷം സമരക്കാർ സമാധാനപരമായി പിരിഞ്ഞുപോവുകയും ചെയ്തു. ഇതര ജില്ലകളിലും സമാനമായ സ്ഥിതിയായിരുന്നു. ഇതിന്‍റെ പേരിലാണ് കേസ്. അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ നിവേദനത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.