തൃശൂര്‍ ലോക്‌സഭ സീറ്റില്‍ സി.പി.എം-ബി.ജെ.പി അന്തര്‍ധാരയെന്ന്​ ഷിബു ബേബി ജോൺ

തിരുവനന്തപുരം: തൃശൂര്‍ ലോക്‌സഭ സീറ്റില്‍ സി.പി.എം-ബി.ജെ.പി അന്തര്‍ധാര വസ്തുതയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. തിരുവനന്തപുരം പ്രസ്​ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുതവണ തൃശൂരിലെത്തിയതും രണ്ടാം സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ സ്വീകരിക്കാനും യാത്രയക്കാനും ചെന്നതും സംശയം ജനിപ്പിക്കുന്നു. കേരളത്തില്‍ സി.പി.എം-ബി.ജെ.പി രഹസ്യബന്ധമുണ്ടെന്ന്​ ആരെങ്കിലും പറഞ്ഞാല്‍ നിഷേധിക്കാനാകില്ല. മുമ്പ് താന്‍ മോദിക്ക് ആറന്മുള കണ്ണാടി നല്‍കിയപ്പോള്‍ എന്തായിരുന്നു പുകില്​.

കേരളത്തിൽ ബി.ജെ.പിക്ക് ഇതിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് ദേശീയ നേതൃത്വത്തിന് ബോധ്യമുണ്ട്. കോൺഗ്രസിനെ ദുർബലപ്പെടുത്തുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതിനായി പിണറായി വിജയനെതിരായ കേസുകളിലടക്കം ഒത്തുതീർപ്പുണ്ടാക്കുന്നു. പിണറായി ദുർബലനായാൽ കോൺഗ്രസ് ശക്തിപ്രാപിക്കുമെന്ന് മോദിക്ക് ഉറപ്പാണ്​. ആ അന്തർധാരയാണ് ഇരുകൂട്ടരും തമ്മിൽ കേരളത്തിലുള്ളത്​.

കോൺഗ്രസിനെ മാറ്റിനിർത്തി ബി.ജെ.പിക്കെതിരായ പോരാട്ടം അസാധ്യമാണ്. ബി.ജെ.പിയെ ഇത്രയേറെ കടന്നാക്രമിക്കുന്ന രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തന്നെയാണ് പോരാട്ടത്തിൽ മുഖ്യപങ്ക് വഹിക്കേണ്ടത്​. കൊല്ലത്ത് ആർ.എസ്.പിക്കാണ് സീറ്റ്. നിലവിലെ എം.പി പൊതുസ്വീകാര്യനാണ്. ആ വഴിക്ക്​ കാര്യങ്ങള്‍ പാര്‍ട്ടി ആലോചിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. 

Tags:    
News Summary - Shibu Baby John says CPM-BJP alliance in Thrissur Lok Sabha seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.