തിരുവനന്തപുരം: ബന്ധുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തിൽ വര്‍ക്കല ചെമ്മരുതി വണ്ടിപ്പുര ഷമ്മി നിവാസില്‍ ഷിബുകുമാറിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങളടക്കം നാലുപ്രതികളെ കോടതി ജീവപര്യന്തം കഠിനതടവിനും 1,50,000 രൂപ വീതം പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികള്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം.
ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതികളെ ശിക്ഷിച്ചത്. ചെമ്മരുതി വണ്ടിപ്പുര ജനതാമുക്ക് പുത്തന്‍വിള കൊച്ചുവീട്ടില്‍ വലിയ തമ്പി എന്ന ഷിജു, സഹോദരന് ചെറിയ തമ്പി എന്ന ഷിജി, ഇവരുടെ സുഹൃത്തുക്കളായ പാളയംകുന്ന് കാട്ടുവിളവീട്ടില്‍ അപ്പിമോന് എന്ന ബിജു, ചെമ്മരുതി കുന്നുവിള ഷരീഫ മന്‍സിലില്‍ തക്കുടു എന്ന മുനീര്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
ഷിജുവിന്റെ മാതൃസഹോദരിയുടെ മകളെ ഷിബുകുമാര്‍ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. 2013 മാര്‍ച്ച് 27ന് വണ്ടിപ്പുര കാകുളത്തുകാവ് മാടന്നടയിലെ സ്വന്തം വീടിനുമുകളിലെ ടെറസില്‍ കിടന്നുറങ്ങിയ ഷിബുകുമാറിനെയും സഹോദരന് ഷമ്മിയെയും പ്രതികള്‍ ആക്രമിച്ചത്.
പിഴത്തുകയില്‍ മൂന്നിലൊന്ന് ഷിബുകുമാറിന്റെ മാതാവ് പത്മിനിക്കും ബാക്കി തുക ഭാര്യ ശോഭനക്കും നല്‍കണമെന്ന് കോടതി നിർദേശിച്ചു. വര്‍ക്കല സി.ഐയായിരുന്ന എസ്. ഷാജിയാണ് പ്രതികളെ പിടികൂടി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.