ഗിനിയിൽ തടവിലായ ഇന്ത്യക്കാർ അടങ്ങുന്ന കപ്പൽ നൈജീരിയൻ തീരത്ത്‌

കൊച്ചി: ഇക്വറ്റോറിയൽ ഗിനിയിൽ തടവിലായിരുന്ന 26 ഇന്ത്യക്കാർ അടങ്ങുന്ന കപ്പൽ നൈജീരിയൻ തീരത്ത്‌ നങ്കൂരമിട്ടു. നൈജീരിയൻ നാവികസേന കപ്പലിന് അകത്തും പുറത്തും നിലയുറപ്പിച്ചിട്ടുണ്ട്. നൈജീരിയയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന്‌ കപ്പലിലെ മലയാളികളിൽനിന്ന് വിവരം ലഭിച്ചു. എംബസിക്ക് കൈമാറാൻ രേഖകൾ കപ്പൽ ജീവനക്കാർ തയാറാക്കിയിട്ടുണ്ട്. ഇവരുടെ മോചനത്തെക്കുറിച്ച്‌ ഇന്ത്യ-നൈജീരിയ ചർച്ച ഉടൻ നടക്കുമെന്നാണ് സൂചന. ഭക്ഷണവും വെള്ളവും കപ്പലിൽ കരുതിയിട്ടുണ്ട്‌.

അതേസമയം, 26 പേർക്കും കപ്പലിലെ തങ്ങളുടെ കാബിനുകളിലേക്ക് പോകാൻ സുരക്ഷ ഭടൻമാർ അനുതി നൽകിയതായി എറണാകുളം മുളവുകാട്‌ സ്വദേശി മിൽട്ടൺ ഡിക്കോത്തയുടെ ഭാര്യക്ക് ലഭിച്ച ശബ്‌ദസന്ദേശത്തിലൂടെ വിവരം ലഭിച്ചു. നാലും അഞ്ചും പേരടങ്ങുന്ന ചെറു സംഘങ്ങളാക്കിയാണ്‌ ഇവരെ കപ്പലിൽ നാവികസേന തോക്ക്‌ ചൂണ്ടി നിർത്തിയിരുന്നത്‌. എന്നാൽ, തങ്ങളുടെ ദൗത്യം പൂർത്തിയായെന്ന്‌ പറഞ്ഞാണ്‌ നാവികസേന ഇവരെ കാബിനുകളിലേക്ക് പോകാൻ അനുവദിച്ചത്‌. ഫോണും കപ്പലിലെ വൈഫൈ സംവിധാനവും ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്‌. സമുദ്രാതിർത്തി ലംഘിച്ചെന്ന്‌ ആരോപിച്ച്‌ ഗിനി നാവികസേന ആഗസ്റ്റ് ഒമ്പതിനാണ്‌ കപ്പൽ പിടിച്ചത്‌.

ഇതിനിടെ,കപ്പലിലുള്ളവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഊർജിതമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സംഘത്തിലെ ചീഫ് ഓഫിസർ സനു ജോസിന്‍റെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Tags:    
News Summary - Ship containing Indians imprisoned in Guinea off Nigerian coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.