കൊച്ചി: പടിഞ്ഞാറൻ ആഫ്രിക്കയിലെ ഇക്വട്ടോറിയൽ ഗിനിയിൽ കസ്റ്റഡിയിലുള്ള 'എം.ടി ഹീറോയിക് ഇദുൻ' എന്ന എണ്ണക്കപ്പലിലെ ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെ നൈജീരിയക്ക് കൈമാറി. തടങ്കലിൽ പാർപ്പിച്ചിരുന്ന 15 ജീവനക്കാരെയും നേരത്തേ കപ്പലിലേക്ക് മാറ്റിയിരുന്നു. പിന്നീട് നൈജീരിയൻ നാവികസേന ഉദ്യോഗസ്ഥർ എത്തി കപ്പലിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. കപ്പൽ നൈജീരിയയിലേക്ക് യാത്ര തുടങ്ങിയതായാണ് കപ്പലിലുള്ള മലയാളികൾ കുടുംബങ്ങളെ അവസാനമായി അറിയിച്ചത്.
ഗിനിയിൽനിന്ന് നൈജീരിയയിലേക്ക് കപ്പൽ മാറ്റാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് നൈജീരിയൻ ഫെഡറൽ ഹൈകോടതിയിൽ എം.ടി ഹീറോയിക് ഇദുൻ ഉടമകൾ ഹരജി നൽകിയിട്ടുണ്ട്. കപ്പൽ വിട്ടുകിട്ടുന്നതിന് നയതന്ത്ര നീക്കം നടത്തുന്നുണ്ട് എന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു. ഇവരെ നൈജീരിയക്ക് കൈമാറാനുള്ള നീക്കം തടയാന്‍ നൈജീരിയന്‍ സർക്കാറുമായി ചർച്ച നടത്തിയെന്നും ഗിനിയില്‍നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
എംബസി തലത്തിൽ നടന്ന ചർച്ച വിജയിച്ചില്ലെന്നാണ് ജീവനക്കാരെ നൈജീരിയയിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിൽനിന്ന് വ്യക്തമാകുന്നത്. മന്ത്രി പറഞ്ഞതിലുപരി വിവരങ്ങളൊന്നും അറിയില്ലെന്ന് വി. മുരളീധരന്‍റെ ഓഫിസ് വെള്ളിയാഴ്ച അറിയിച്ചു. കപ്പൽ മോചിപ്പിക്കുന്നതിന് മാർഷൽ ഐലൻഡ് ഇടപെട്ടിട്ടുണ്ട്. സമുദ്ര നിയമവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ട്രൈബ്യൂണലിനെ വിഷയത്തിൽ ഇടപെടുത്താനാണ് മാർഷൽ ഐലൻഡ് നീക്കം നടത്തുന്നത്.
ക്രൂഡോയിൽ മോഷണം ആരോപിച്ചാണ് കപ്പൽ ഗിനിയൻ നാവികസേന പിടികൂടിയത്. മോഷണക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് നൈജീരിയയിലാണ്. നൈജീരിയയിലെ അക്പോ എണ്ണശാലയിൽനിന്ന് എണ്ണ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാണ് നൈജീരിയൻ നേവി ആരോപിക്കുന്നത്. ആഗസ്റ്റ് എട്ടിനാണ് ഗിനിയൻ നേവി എം.ടി ഹീറോയിക് ഇദുൻ കസ്റ്റഡിയിലെടുത്തത്.
നൈജീരിയയും ഗിനിയും തമ്മിൽ രണ്ട് മാസമായി നടന്ന നയതന്ത്ര ചർച്ചകൾക്കൊടുവിൽ കപ്പൽ നൈജീരിയക്ക് കൈമാറാൻ ധാരണയായെന്ന് നൈജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കപ്പലിൽ മൂന്ന് മലയാളികളടക്കം 15 ഇന്ത്യക്കാരാണുള്ളത്. 11 ഇതര രാജ്യക്കാരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.