കൊച്ചി: നാവിക സേനക്ക് വേണ്ടി കൊച്ചി കപ്പൽ ശാലയിൽ നിർമിച്ച രണ്ട് അന്തർവാഹിനി പ്രതിരോധ കപ്പലുകൾ നീറ്റിലിറക്കി. ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ വി. ശ്രീനിവാസിന്റെ ഭാര്യ വിജയ ശ്രീനിവാസ് ആണ് ചടങ്ങ് നിർവഹിച്ചത്.
മറ്റ് മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ആക്രമണം നടത്താൻ ശേഷിയുള്ള സായുധ കപ്പലുകളാണ് ഇവ. നാവികസേനക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന ഇത്തരം എട്ടു കപ്പലുകളിൽ നാലാമത്തേതും അഞ്ചാമത്തേതുമാണ് തിങ്കളാഴ്ച നീറ്റിലിറക്കിയത്.
ഐ.എൻ.എസ് മാൽപേ, ഐ.എൻ.എസ് മുൽക്കി എന്നിങ്ങനെയാണ് പേര്. 78 മീറ്റര്‍ നീളവും 11.36 മീറ്റര്‍ വീതിയുമുള്ള കപ്പലുകൾക്ക് പരമാവധി 25 നോട്ടിക്കൽ മൈൽ വേഗത കൈവരിക്കാനാകും.
അന്തർവാഹിനി സാന്നിധ്യം തിരിച്ചറിയാൻ അത്യാധുനിക സോണാർ സംവിധാനവും നൂതന റഡാർ സിഗ്നലിങ് സംവിധാനവും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. തീരങ്ങൾ കേന്ദ്രീകരിച്ച് മുങ്ങിക്കപ്പൽ പ്രതിരോധം, സമഗ്ര സമുദ്ര നിരീക്ഷണം, ജല കുഴിബോംബുകൾ വിന്യസിക്കൽ, സമുദ്രാന്തർ ഭാഗത്തു നിന്നുള്ള മിസൈൽ വിക്ഷേപണം ( ടോർപിഡൊ), രക്ഷാപ്രവർത്തനം എന്നിവയാണ് മാഹി ക്ലാസ് എന്നറിയപ്പെടുന്ന കപ്പലുകളുടെ പ്രധാന ദൗത്യങ്ങൾ. നീറ്റിലിറക്കൽ ചടങ്ങിൽ വൈസ് അഡ്മിറൽ വി. ശ്രീനിവാസ് മുഖ്യാതിഥി ആയിരുന്നു. കൊച്ചിൻ ഷിപ്യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ, ഡയറക്ടർമാർ, നാവികസേനയുടെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.