കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ ആറ് ദിവസംകൂടി എൻഫോഴ്സ്മെൻറിെൻറ കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഏഴ് ദിവസംകൂടി കസ്റ്റഡിയിൽ വിടണമെന്നും ആവശ്യപ്പെട്ട് ഇ.ഡി നൽകിയ അപേക്ഷ പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പ്രത്യേക കോടതി) ജഡ്ജി ഡോ. കൗസർ എടപ്പഗത്ത് ആറുദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
സംസ്ഥാന സർക്കാറിെൻറ ലൈഫ് മിഷൻ, കെ ഫോൺ പദ്ധതികളിലെ രഹസ്യവിവരങ്ങൾ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ശിവശങ്കർ കൈമാറിയതായി ഇ.ഡി ആരോപിച്ചു. വാട്സ്ആപ് ചാറ്റുകൾ പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. സ്വപ്ന അടക്കമുള്ള പ്രതികൾക്ക് വൻ തുക കൈക്കൂലി നൽകിയ യൂനിടാക് ബിൽഡേഴ്സിന് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് നിർണായക രഹസ്യവിവരങ്ങൾ കൈമാറിയത്. ഇടപാടുകളിൽ ശിവശങ്കർ പങ്കാളിയായി എന്നുതന്നെയാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ഏഴുദിവസത്തെ കസ്റ്റഡിയിൽ ശിവശങ്കറെ വിശദമായി ചോദ്യം ചെയ്തു. എന്നാൽ, നിരവധി ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകിയില്ല. സ്വപ്നയെ ചോദ്യം ചെയ്തതിലൂടെ ശിവശങ്കറിന് കുറ്റകൃത്യത്തിൽ പ്രധാന പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞതായി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇ.ഡി അവകാശപ്പെട്ടു.
അതേസമയം, ലൈഫ് മിഷൻ, കെ ഫോൺ വിവരങ്ങൾ അന്വേഷിക്കാനാണോ ഇനിയും കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. കുറ്റകൃത്യത്തിെൻറ ഇടപാടുകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണെന്നായിരുന്നു ഇ.ഡിയുടെ മറുപടി. ശിവശങ്കറെ ജഡ്ജി മുന്നിലേക്ക് വിളിച്ചുവരുത്തി എന്തെങ്കിലും പരാതിയുണ്ടോയെന്നും ചികിത്സ ലഭിക്കുന്നുണ്ടോയെന്നും ആരാഞ്ഞ ശേഷമാണ് കസ്റ്റഡി അനുവദിച്ചത്. കസ്റ്റഡി കാലാവധി കഴിയുന്ന ബുധനാഴ്ചതന്നെ ശിവശങ്കറിെൻറ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.
വാട്സ്ആപ് ചാറ്റിെൻറ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡിെൻറ ഹൈദരാബാദിലെ ഓഫിസിൽ റെയ്ഡ് നടത്തിയതായും ഇ.ഡി അറിയിയിച്ചു.
നിർണായക വിവരങ്ങൾ ലഭിച്ചെന്നും ഇതുസംബന്ധിച്ച് ശിവശങ്കറിൽനിന്ന് കൂടുതൽ വിവരം ശേഖരിക്കാനുണ്ടെന്നും പറഞ്ഞു. കേസിലെ പ്രധാന പ്രതികളെയെല്ലാം ശിവശങ്കറിന് പരിചയമുണ്ട്. സരിത്ത്, സ്വപ്ന, സന്ദീപ് നായർ എന്നിവരെയും യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം തലവൻ ഖാലിദിനെയും ശിവശങ്കറിന് നന്നായി അറിയാമായിരുന്നു. എന്നാൽ, അറിയില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി അന്വേഷണ ഏജൻസിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്- ഇ.ഡി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.