ചെറുതുരുത്തി: ഷൊർണൂർ റെയിൽവേ പാലത്തിൽ ട്രെയിൻ തട്ടി മൂന്നുപേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവം നാടിനെ നടുക്കി. വിവരമറിഞ്ഞതോടെ നൂറുകണക്കിനാളുകളാണ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. മരിച്ച രണ്ടുപേരുടെ മൃതദേഹം കാണാൻ കഴിയാത്തത്ര ദൈന്യാവസ്ഥയിലായിരുന്നു. ഉദ്യോഗസ്ഥർ പലയിടത്തുനിന്നായാണ് മൃതദേഹഭാഗങ്ങൾ പെറുക്കിയെടുത്തത്.
കാണാതായ ലക്ഷ്മണനും മരിച്ച ഒരു സ്ത്രീയും പുഴയിലേക്ക് ചാടിയെന്നാണ് സംശയിക്കുന്നത്. സ്ത്രീയെ നാട്ടുകാർ ചേർന്ന് പുഴയിൽനിന്ന് രക്ഷപ്പെടുത്തിയപ്പോൾ ജീവനുണ്ടായിരുന്നു. കരയിലെത്തിച്ചതിനുശേഷം മരിച്ചു.
അഞ്ചു മാസം മുമ്പാണ് ഇവർ ചെന്നൈയിൽനിന്ന് കുടുംബസമേതം ജോലിക്കായി പാലക്കാട് ഡിവിഷന്റെ കീഴിലെ സ്വകാര്യ ഏജൻസിയുടെ ജോലിക്കാരായി എത്തിയത്. കുറച്ചുപേർ ഒറ്റപ്പാലത്തും കുറച്ചുപേർ ഷൊർണൂരുമായിരുന്നു ജോലി ചെയ്തിരുന്നത്. ട്രെയിൻ വരുന്നത് കണ്ട് ഇവർ ഓടിയതിനാലാണ് പല സ്ഥലങ്ങളായി മൃതദേഹം കാണാനിടയായത്. 70 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ വന്നതെന്നാണ് വിവരം. അതിനാൽ ജോലിക്കാർക്ക് പെട്ടെന്ന് ഒഴിഞ്ഞുമാറാൻ സാധിച്ചില്ല. കാലാവസ്ഥ മോശമായതിനാൽ ശനിയാഴ്ച ഭാരതപ്പുഴയിലെ തിരച്ചിൽ വൈകീട്ടോടെ നിർത്തിവെച്ചു. ഞായറാഴ്ച തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.