കണ്ണൂർ: രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ ആർ.എസ്.എസുമായി നടത്തിയ ചർച്ചയിൽ ഒരു ഘട്ടത്തിലും ശ്രീഎം ഇടനില നിന്നിട്ടില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയഗം എം.വി. ഗോവിന്ദൻ. ശ്രീ എം ഇന്ത്യയിലെ മത നിരപേക്ഷതയുടെ പ്രതീകമാണ്. അദ്ദേഹത്തെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് ഓരോന്ന് പറയുന്നത്. ജമാഅത്തെ ഇസ്ലാമി വർഗീയ പ്രസ്ഥാനമാണെന്നും മത നിരപേക്ഷ വാദി ആയ ശ്രീ എമ്മിനെ കുറിച്ച് അവർ പലതും പറയുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പിണറായി-ആർ.എസ്.എസ് ചർച്ചയിലെ ഇടനിലക്കാരൻ ശ്രീ എമ്മായിരുന്നെന്ന 'മാധ്യമം' വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത് ഹോട്ടലിൽ വെച്ചാണ് ചർച്ച നടന്നതെന്ന് വെളിപ്പെടുത്തണമെന്നും ശ്രീ എമ്മിെൻറ യോഗ ട്രസ്റ്റുമായി സി.പി.എമ്മിന് നല്ല ബന്ധമാണ് ഉള്ളതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പിണറായിയുമായി ചർച്ച നടത്തിയിരുന്നെന്ന് കഴിഞ്ഞദിവസം സംഘ്പരിവാർ നേതാക്കൾ സമ്മതിച്ചിരുന്നു. തിരുവനന്തപുരത്തും കണ്ണൂരിലും ചർച്ച നടത്തിയെന്ന് ആർ.എസ്.എസ് പ്രാന്ത കാര്യവാഹക് പി. ഗോപാലൻകുട്ടി പറഞ്ഞിരുന്നു. 'ശ്രീ എമ്മിന് അവരെയും പരിചയമുണ്ട്, ഞങ്ങളെയും പരിചയമുണ്ട്. അതുകൊണ്ട് രണ്ടു കൂട്ടരോടും സംസാരിച്ചു. അദ്ദേഹം പറഞ്ഞപ്പോൾ അവർ ചർച്ചക്ക് തയാറായി. ചർച്ചയെത്തുടർന്ന് സംഘർഷത്തിൽ അയവുണ്ടായി എന്നത് സത്യമാണ്' -പി. ഗോപാലൻകുട്ടി വ്യക്തമാക്കി.
യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ശ്രീ എം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ സ്വദേശിയാണ്. കഴിഞ്ഞവർഷം രാജ്യം ഇദ്ദേഹത്തെ പദ്മഭൂഷണ്‍ നൽകി ആദരിച്ചിരുന്നു. മഹേശ്വര്‍നാഥ് ബാബയാണ് ഇദ്ദേഹത്തിന്‍റെ ഗുരു.
രാഷ്ട്രീയ സ്വയംസേവക് സംഘവുമായും പത്രവുമായുള്ള ബന്ധം നേരത്തെ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീ എം തുറന്നുപറയുന്നുണ്ട്. ആര്‍.എസ്.എസുമായി ഏറെ അടുപ്പത്തിലാണ് സഞ്ചരിച്ചിരുന്നതെന്നും ഇവരുടെ തന്നെ അക്കാദമിക്-റിസർച്ച് ജേണൽ ആയ 'മാന്തന്‍റെ' ജോയിന്‍റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറയുന്നു. ഓര്‍ഗനൈസറിന്‍റെ ചെന്നൈ ലേഖകനായും പ്രവര്‍ത്തിച്ചു.
ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ശ്രീ എം ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ആര്‍.എസ്.എസ് സഹയാത്രികന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ആറടി മണ്ണിന് വേണ്ടി സമരം ചെയ്യുന്ന ജനങ്ങളുടെ നാട്ടിലാണ് നാല് ഏക്കർ സർക്കാർ ഭൂമി ദാനം ചെയ്യുന്നതെന്നാണ് വിമർശനം. ഗാന്ധിയെ കൊന്ന ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും തീരുമാനം പുനഃപരിശോധിച്ച് പിന്‍വലിക്കണമെന്നും പലരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.