ഈ കുഴി രഹസ്യമല്ല പരസ്യമാണ്; എസ്.ഐ വീണത് സ്പീക്കർ രാജേഷിന്റെ കാർ വീണ കുഴിക്ക് സമീപം

കായംകുളം: കായംകുളം സ്റ്റേഷനിലെ എസ്.ഐക്ക് പരിക്കേറ്റത് സ്പീക്കർ എം ബി. രാജേഷിന്റെ കാർ വീണ കുഴിക്ക് സമീപമുള്ള കുഴിയിൽ വീണ്. കെ.പി.എ.സി ഭാഗത്തെ ഗർത്തത്തിൽ വീണാണ് ഇരുചക്ര വാഹന യാത്രികനായ എസ്.ഐ ഉദയകുമാറിന് പരിക്കേറ്റത്.

ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാതയിലെ കുഴിയിൽ ടയർ ചാടി വാഹനം തെന്നി മറിയുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചതും ഈ സമയം മറ്റ് വാഹനങ്ങൾ പുറകെ ഇല്ലാതിരുന്നതിനാലുമാണ് ദുരന്തം ഒഴിവായത്. പരിക്കേറ്റ ഇദ്ദേഹത്തെ കായംകുളം ഗവ. ആശുപതിയിൽ പ്രവേശിപ്പിച്ചു.

കായംകുളം എസ്.ഐ ഉദയകുമാറിന് പരിക്കേറ്റതിന് പിന്നാലെ ദേശീയ പാതയിലെ കുഴി അടച്ച നിലയിൽ

ഇരു ചക്ര വാഹന യാത്രികരുടെ നട്ടെല്ല് ഒടിക്കുന്ന തരത്തിലുള്ള കുഴികളാണ് ദേശീയപാതയിലുള്ളത്. ആറുമാസം മുമ്പാണ് ഇതിന് സമീപമുള്ള കുഴിയിൽ എം.ബി. രാജേഷിന്റെ കാർ അക​പ്പെട്ടത്. അറ്റകുറ്റപ്പണി നടത്തുമ്പോൾ ഒറ്റപ്പെട്ട കുഴികൾ മാത്രമാണ് അടച്ച് പോകുന്നത്. കെ.പി.എ.സി ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി വരെയുള്ള ഭാഗത്തെ കുഴികൾ അപകട ഭീഷണി ഉയർത്തുന്നതാണെന്ന പരാതി അധികൃതർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

കായംകുളം ദേശീയ പാതയിലെ കുഴികൾ 

ദിനേനെ നിരവധി ഇരുചക്ര വാഹന യാത്രികരാണ് ഈ ഭാഗത്ത് അപകടത്തിൽപ്പെടുന്നത്. അടക്കുന്നതിന് സമീപം പുതിയ കുഴികൾ രൂപപ്പെടുന്നതാണ് പ്രശ്നം. നേരത്തെ കോടികൾ ചിലവഴിച്ച് അറ്റകുറ്റപണി നടത്തിയിരുന്നുവെങ്കിലും ഇത് ഫലപ്രദമായില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.

 'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന പരസ്യവാചകത്തിന്റെ പേരിൽ 'ന്നാ താൻ കേസ് കൊട്' എന്ന സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനമുയരുന്നതിനിടെയാണ് എസ്.ഐക്ക് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ സംഭവവും വാർത്തയായത്. സംസ്ഥാനത്തുടനീളം റോഡുകൾ തകർന്ന സംഭവത്തിൽ കോടതി പോലും സംസ്ഥാന സർക്കാറിനെ വിമർശിച്ച സാഹചര്യത്തിൽ, സിനിമയുടെ പരസ്യവാചകം സർക്കാർ വിരുദ്ധമാണെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തുകയായിരുന്നു. ഇതോടെ ഇടത് സൈബർ ഇടങ്ങളിൽ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനമുയർന്നു. സിനിമാ പരസ്യം സർക്കാർവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ടാണ് ഇടത് അനുകൂലികൾ ബഹിഷ്കരണാഹ്വാനം മുഴക്കിയിരിക്കുന്നത്.

എന്നാൽ, സിനിമയുടെ പരസ്യത്തെ ആ നിലയിൽ മാത്രം കണ്ടാൽ മതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായ​പ്പെട്ടു​. കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' ചിത്രത്തിന്‍റെ പരസ്യം വിവാദമാകുകയും ഇടത് അനുകൂലികൾ സമൂഹമാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം നടത്തുകയും ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

റോഡിലെ കുഴി പണ്ടേയുള്ള പ്രശ്നമാണ്. അത് പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് സജീവമായി ഇടപെടുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. അതിൽ പല ക്രിയാത്മക നിർദേശങ്ങളും വിമർശനങ്ങളുമെല്ലാം വരും. വിമർശനങ്ങളും നിർദേശങ്ങളും ഏത് നിലയിലും സ്വീകരിക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.


Tags:    
News Summary - SI injured as bike lands in NH pothole in Kayamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.