കൊല്ലം: മാപ്പിളപ്പാട്ടിനൊപ്പം താളത്തൊടെയുള്ള കൈയടി സദസ്സിൽ നിന്ന് ഉയർന്നു കേട്ടപ്പോൾ എല്ലാവരും തിരിഞ്ഞു നോക്കി. ഒറ്റ നോട്ടത്തിൽ അവർക്കെല്ലാം മനസ്സിലായി അന്ധരായ ദമ്പതികളാണെന്ന്. അതോടെ അവർ മാപ്പിളപ്പാട്ടു വേദിയിലെ താരങ്ങളായി മാറി. പാലക്കാട് പടിഞ്ഞാറങ്ങാടി മാവറ ഇസ്ലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂളിനടുത്ത് മുസ്ലിം ലീഗ് നിർമിച്ചു നൽകിയ ബൈത്തുൽ റഹ്മയിൽ താമസിക്കുന്ന സിദ്ദീഖും റംലയുമായിരുന്നു അവർ.
മാപ്പിളപ്പാട്ടിനോടും, മിമിക്രിയോടുമൊക്കെ കമ്പമുള്ള ഇവർ കൊല്ലത്ത് കലോൽസവം തുടങ്ങിയെന്ന വിവരം റേഡിയോയിലും ടി.വി.യിലും കേട്ടാണ് ഇപ്പോൾ താമസിക്കുന്ന തിരുവനന്തപുരം കര മേലാറന്നുരിലെ ഗവ. ക്വാർട്ടേഴ്സിൽ നിന്ന് എത്തിയത്. വേദി കണ്ടെത്താൻ അൽപം പ്രയാസപ്പെട്ടെങ്കിലും മാപ്പിളപാട്ട് വേദിയിൽ എത്താൻ കഴിഞ്ഞതിന്‍റെ സന്തോഷം അവരുടെ മുഖത്ത് കാണാമായിരുന്നു. പാട്ടുകാരെയും പരിപാടി അവതരിപ്പിക്കുന്നവരെയും കാണാൻ കഴിയില്ലെങ്കിലും പാട്ടിലൂടെ അവരെ കണ്ട പ്രതീതി ലഭിക്കുമെന്നാണ് ഇവർ പറയുന്നത്.തിരുവനന്തപുരത്തെ ഒരു സർക്കാർ എൽ .പി .സ്കൂളിലെ അറബി -അധ്യാപികയാണ് റംല, പള്ളി പരിസരങ്ങളിൽ കച്ചവടം നടത്തുകയാണ് സിദ്ദീഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.