രണ്ട് വരിയിൽ സിദ്ദിഖിന്‍റെ രാജിക്കത്ത്; 'അമ്മ'യിൽ നിർണായക നീക്കങ്ങൾ

കൊച്ചി: യുവനടിയിൽ നിന്ന് ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ 'അമ്മ' ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതോടെ സംഘടനയിൽ നിർണായക നീക്കങ്ങൾ. ചൊവ്വാഴ്ച അമ്മയുടെ എക്സിക്യൂട്ടിവ് യോഗം ചേരുമെന്ന് ജോ. സെക്രട്ടറി ബാബുരാജ് അറിയിച്ചു. അതിന് മുമ്പ് ഓൺലൈനായി യോഗം ചേർന്നേക്കുമെന്നും സൂചനയുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയ സിനിമ മേഖലയിലെ ലൈംഗികാരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' നിലപാട് വ്യക്തമാക്കിയിരുന്നില്ല. മലയാള സിനിമാ മേഖല മുഴുവൻ മോശമാണെന്നു സാമാന്യവത്കരിക്കുന്നതിനോടു യോജിപ്പില്ലെന്നായിരുന്നു ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ് നേരത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 'ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്‌ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങൾ തൊഴിലെടുത്തു സുരക്ഷിതമായിരിക്കണമെന്നതു ഞങ്ങളുടെ കൂടെ ആവശ്യമാണ്. മാധ്യമങ്ങൾ അമ്മയെ പ്രതിസ്ഥാനത്തു നിർത്തുന്നതു സങ്കടകരമാണ്' -എന്നായിരുന്നു സിദ്ദിഖിന്‍റെ വാക്കുകൾ. എന്നാൽ, സിദ്ദിഖിനെതിരെ തന്നെ അതീവ ഗുരുതരമായ ആരോപണം ഉയരുകയും രാജിവെക്കുകയും ചെയ്തതോടെ സംഘടന തന്നെ പ്രതിസന്ധിയിലാണ്.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ ‍രാജിവെക്കുന്നു എന്നാണു സിദ്ദിഖ് മോഹൻലാലിന് അയച്ച രാജിക്കത്തിലുള്ളത്. ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ദിഖ് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഊട്ടിയിലാണ് സിദ്ദിഖ് ഉള്ളത്.

യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സിദ്ദിഖ് തന്നോട് ലൈംഗികാതിക്രമം നടത്തിയതെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. മോഡലിങ് മേഖലയിലേക്ക് പ്രവേശിച്ച സമയമായിരുന്നു. ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മാസ്കറ്റ് ഹോട്ടലിൽ ചർച്ചക്ക് വിളിച്ചു. അന്ന് 21 വയസ്സുള്ള തന്നോട് മോളേ... എന്ന് വിളിച്ചാണ് സമീപിച്ചത്. അവിടെ പോയപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു. സിദ്ദിഖ് നമ്പർ വൺ ക്രിമിനലാണ്. ഇപ്പോൾ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും നടി ആരോപിച്ചിരുന്നു.

Tags:    
News Summary - Siddique's resignation in two lines; Crucial moves in 'Amma'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.