കൊച്ചി: വിശദ പദ്ധതി രേഖക്ക് (ഡി.പി.ആർ) കേന്ദ്ര സർക്കാറിന്റെ അനുമതിപോലും കിട്ടാതെ സിൽവർ ലൈനിന്റെ പേരിൽ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണമാണ് ഉണ്ടായതെന്ന് ഹൈകോടതി. ഇത്രയധികം പണം ചെലവഴിച്ച പദ്ധതി എവിടെയാണ് തുടങ്ങിയത്. എവിടെയാണ് എത്തിനിൽക്കുന്നത്. അംഗീകാരമില്ലാത്തതിനാൽ നിലവിലിത് പദ്ധതിയായി കാണാനാവില്ല. എന്തെങ്കിലും പേര് വിളിച്ചത് കൊണ്ട് പദ്ധതിയാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
സിൽവർ ലൈൻ പദ്ധതിയുടെ സർവേ നടത്തുന്നതിനെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. ഹരജികൾ നിലനിർത്തുന്നതിൽ കാര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ഇവ തീർപ്പാക്കി. ആവശ്യമെങ്കിൽ ഹരജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാം. അതേസമയം, സില്‍വര്‍ ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പദ്ധതി നടപ്പാക്കാൻ കേന്ദ്രത്തിന് താൽപര്യമില്ലെന്ന് അറിയിച്ചുകഴിഞ്ഞതായി കോടതി പറഞ്ഞു. ഇതുവരെ സാമൂഹികാഘാത പoനം സംബന്ധിച്ച് വിജ്ഞാപനമിറക്കിയിട്ടില്ല.
ഭൂമി ഏറ്റെടുക്കാനും വിജ്ഞാപനമില്ല. എന്നിട്ടും മഞ്ഞക്കല്ലുമായി രാവിലെയാകുമ്പോൾ വീടിനുമുന്നിലേക്ക് ആരൊക്കെയോ കയറിവരുന്നു. എന്തിന് വേണ്ടിയെന്ന് ആർക്കുമറിയില്ല. ഇതിന്റെ പേരിൽ ചില ഉദ്യോഗസ്ഥര്‍ നാടകം കളിക്കുകയാണ്. ഇല്ലാത്ത പദ്ധതിക്കുവേണ്ടിയാണോ ഇത്രയേറെ പ്രശ്നങ്ങളുണ്ടാക്കിയത്. ജനങ്ങളെ പേടിപ്പിച്ച് പദ്ധതി നടപ്പാക്കാനാവുമോ. അനാവശ്യമായുണ്ടാക്കിയ പ്രശ്നങ്ങൾക്ക് ആര് സമാധാനം പറയും.
പദ്ധതി നടപ്പാക്കുകയാണെങ്കിൽ പാരിസ്ഥിതികാഘാതം അറിയേണ്ടതുണ്ട്. കേരളത്തിലെ കാലാവസ്ഥ അനുദിനം മാറുന്നത് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. എന്നാൽ, ഭരണാധികാരികൾ ഇത് തിരിച്ചറിയുന്നില്ലേയെന്ന് കോടതി ചോദിച്ചു.
അതിവേഗ റെയിലും ഹൈവേയുമൊക്കെ വേണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ഇവ തോന്നുംപോലെ ചെയ്യാവുന്നതല്ല. എല്ലാറ്റിനും വ്യക്തമായ മാനദണ്ഡമുണ്ടാകണം. പോർവിളിച്ചല്ല, ജനങ്ങളെ ഒപ്പം നിർത്തിയാണ് പദ്ധതി നടപ്പാക്കേണ്ടത്.
കെ-റെയിൽ പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കാനാവുമോയെന്ന് കോടതി നേരത്തേ ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സാധ്യമാകില്ലെന്ന് സർക്കാർ അറിയിച്ചത്. കേസ് പിൻവലിക്കുന്നത് സമാധാനാന്തരീക്ഷമുണ്ടാകാൻ സഹായിക്കുമെങ്കിലും സർക്കാർ അത് ചെയ്യാൻ തയാറാകുന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു.
എന്നാൽ, മറ്റു പല കേസുകളും സർക്കാർ പിൻവലിക്കുന്നുണ്ട്. ചിലത് പിൻവലിക്കാൻ സർക്കാർ സുപ്രീംകോടതിവരെ പോയല്ലോ. തലക്കുമുകളിൽ കേസുകൾ വാളുപോലെ തൂങ്ങിനിന്നാലേ ഇനിയും സർവേ നടത്താനാവൂ എന്നാണ് സർക്കാർ കരുതുന്നത്. കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ സർവേയോ മറ്റ് നടപടികളോ ഇനി പ്രസക്തമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് ഹരജികൾ തീർപ്പാക്കിയത്.
സർവേക്കോ ഭൂമി ഏറ്റെടുക്കാനോ സർക്കാർ തുടർ നടപടിയെടുത്താൽ ഹരജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാം. സർവേ ഡയറക്ടർ ഹൈകോടതി ഉത്തരവ് മറികടന്ന് കെ-റെയിൽ കുറ്റികൾ സ്ഥാപിക്കാൻ അനുമതി നൽകിയത് ദൗർഭാഗ്യകരമാണെങ്കിലും തൽക്കാലം തുടർ നടപടിയെടുക്കുന്നില്ലെന്നും വ്യക്തമാക്കി. അതേസമയം, സാമൂഹികാഘാതപഠനം നിയമപ്രകാരമല്ലെന്ന കാരണത്താൽ ജനങ്ങൾക്ക് നിയമം കൈയിലെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.