തിരുവനന്തപുരം: അനിശ്ചിതത്വതങ്ങൾക്കിടെ സിൽവർ ലൈനിനായി സാമൂഹ്യാഘാത പഠനം നടത്തുന്ന ഏജൻസികൾക്കുള്ള കാലാവധി പുതുക്കി നൽകുന്നതിനുള്ള സാധ്യത മങ്ങുന്നു. പദ്ധതിക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിക്കാത്തതും വിദേശ വായ്പ സാധ്യതകൾ മങ്ങിയതുമായ സാഹചര്യത്തിലാണ് ഈ വഴിക്കുള്ള ആലോചനകൾ. സംസ്ഥാന വ്യാപകമായി ഉണ്ടായ ശക്തമായ എതിർപ്പിനെ തുടർന്ന് കല്ലിടൽ സർവേ പാതി വഴിയിൽ നിലച്ചിരുന്നു.
കല്ലിടലിന് പകരം ജിഗോ ടാഗിങ് രീതിയിൽ പഠനം നടത്താൻ റവന്യൂ വകുപ്പ് നിർദേശിച്ചിരുന്നുവെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പിന്നാലെ ഏജൻസികൾക്ക് അനുവദിച്ച സമയപരിധിയും തീർന്നിരുന്നു. ഇതിനിടെ സാമൂഹ്യാഘാത പഠനത്തിനുള്ള ഏജൻസികൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ-റെയിൽ റവന്യൂ വകുപ്പിനെ സമീപിച്ചിരുന്നു.
നിയമപ്രകാരം സാമൂഹ്യാഘാത പഠനം നടത്തുന്ന ഏജൻസികൾക്ക് പുനർവിജ്ഞാപനത്തിലൂടെ കാലാവധി പുതുക്കി നൽകുന്ന രീതിയില്ല. നിശ്ചിത കാലയളവിനുള്ള പഠനം പൂർത്തിയാക്കാത്ത പക്ഷം ഏജൻസിയെ ഒഴിവാക്കി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തുകയാണ് ചെയ്യുക. എന്നാൽ സിൽവർ ലൈൻ വിഷയത്തിൽ ഏജൻസികളുടെ കുഴപ്പം കൊണ്ടല്ല പഠനം പൂർത്തിയാക്കാഞ്ഞതും പ്രതിഷേധങ്ങൾ മൂലമാണെന്നും അതുകൊണ്ട് പുനർവിജ്ഞാപനത്തിലൂടെ കാലാവധി പുതുക്കി നൽകുകയും വേണമെന്നുമായിരുന്നു കെ-റെയിലിന്‍റെ ആവശ്യം. ഇക്കാര്യം റവന്യൂവകുപ്പ് നിയമവകുപ്പിന്‍റെ പരിശോധനക്ക് വിട്ടു.
കെ-റെയിൽ നിലപാട് ശരിയാണെന്ന് നിയമവകുപ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം കേന്ദ്രാനുമതി ലഭിക്കാത്ത പദ്ധതിയെന്ന നിലയിൽ തീരുമാനത്തിനായി ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പരിഗണനക്കും വിട്ടു. എന്നാൽ ഒന്നര മാസമായിട്ടും ഫയലിൽ ഇനിയും തീരുമാനമുണ്ടായിട്ടില്ല. തത്വത്തിൽ സർവേ-സാമൂഹ്യാഘാത നടപടികൾ നിലച്ച മട്ടാണ്. കെ-റെയിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയുളള അനുകൂല പ്രചാരണങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. പദ്ധതിക്കായി റെയിൽവേ ഭൂമി വിട്ടുകിട്ടുന്നതിലും അനിശ്ചിതത്വം നിഴലിക്കുകയാണ്.
തിരുവനന്തപുരം,കൊല്ലം, കണ്ണൂര്‍, കാസർകോട് ജില്ലകളിലെ സമാഹിക ആഘാത പഠനം പൂര്‍ത്തിയാക്കേണ്ടിയിരുന്നത് ഏപ്രില്‍ ആദ്യവാരമായിരുന്നു. മറ്റ് ജില്ലകളിൽ തൊട്ടടുത്ത മാസങ്ങളിലും. എന്നാൽ ഈ സമയപരിധിക്കുള്ളിൽ പഠനം എങ്ങുമെത്തിയിരുന്നില്ല.
സാമൂഹ്യാഘാത പഠനത്തിനായി ഇതുവരെ ചെലവിട്ടത് 20.50 കോടി രൂപയാണ്. സാമൂഹ്യാഘാത പഠനത്തിന്‍റെ പേരിലെ ബലംപ്രയോഗിച്ചുള്ള കല്ലിടൽ സർക്കാർ അവസാനിപ്പിച്ചെങ്കിലും ഇതിനായി മാത്രം ചെലവഴിച്ചത് 1.33 കോടിയാണ്. വായ്പ വഴികൾ അടഞ്ഞതോടെ സിൽവർ ലൈനിന്‍റെ നിർമ്മാണച്ചെലവിനുള്ള വഴികളും അടഞ്ഞിരിക്കുകയാണ്. ജപ്പാൻ ഇന്‍റർനാഷനൽ കോ ഓപ്പറേഷൻ ഏജൻസിയുടെ (ജൈക്ക) വായ്പ കേന്ദ്രധനമന്ത്രാലയം ഉപേക്ഷിച്ചതോടെ വിദേശ വായ്പയുടെ കാര്യത്തിൽ കെ-റെയിലിന്‍റെ ഏറ്റവും വലിയ പ്രതീക്ഷയാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.