കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തെ എതിർത്തവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതെന്തിനെന്ന് ഹൈകോടതി. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും ജിയോ ടാഗ് ഉപയോഗിച്ചും സാമൂഹികാഘാത പഠനം നടത്താനാണ് സർക്കാർ തീരുമാനം. എങ്കിൽ പിന്നെ നേരിട്ട് പഠനം നടത്തിയപ്പോഴുള്ള എതിർപ്പിന്റെ പേരിൽ ക്രിമിനൽ കേസ് എടുത്തതെന്തിനെന്നും തുടരാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും വിശദീകരണം ലഭിക്കേണ്ടതുണ്ട്.
ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു.
പൗരന്മാരുടെ പിന്തുണയും സഹായവുമില്ലാതെ ഇത്തരം പദ്ധതി നടത്താൻ കഴിയില്ലെന്നും കോടതി ഓർമിപ്പിച്ചു. വിശദീകരണത്തിന് സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന് ഹരജി സെപ്റ്റംബർ 26ലേക്ക് മാറ്റി.
പദ്ധതിയുടെ ഡി.പി.ആറിന് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും പ്രായോഗികതയടക്കമുള്ള കാര്യങ്ങളിൽ അവ്യക്ത തുടരുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
മുൻ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാറിനോടും റെയിൽവേ ബോർഡിനോടും നിർദേശിച്ചു. അംഗീകാരം കിട്ടാത്ത പദ്ധതിക്കായി വലിയ തുക കെ-റെയിലും സംസ്ഥാന സർക്കാറും നിയമവിരുദ്ധമായി ചെലവഴിച്ചെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ക്രിമിനൽ കേസെടുക്കുന്നത് തുടരുകയാണെന്ന് അറിയിച്ചതിനെ തുടർന്നാണ് ആഗസ്റ്റ് 19ഓടെ സാമൂഹികാഘാത പഠനം പൂർണമായി നിർത്തിയ സാഹചര്യത്തിൽ ക്രിമിനൽ കേസുകൾ തുടരുന്നതു സംബന്ധിച്ച് സർക്കാറിന്റെ നിലപാട് തേടിയത്. നിലവിൽ സാമൂഹികാഘാത പഠനം നടക്കുന്നില്ലെന്നും വിജ്ഞാപനമില്ലാതെ പുനരാരംഭിക്കില്ലെന്നും സംസ്ഥാന സർക്കാറും കെ-റെയിലും കോടതിയെ അറിയിച്ചു.
കെ-റെയിലെന്ന് രേഖപ്പെടുത്തിയ വലിയ കല്ലിട്ട് സർവേ നടത്തുന്നതിനെതിരെ കോട്ടയം സ്വദേശി മുരളീകൃഷ്ണൻ ഉൾപ്പെടെ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.