സിൽവർ ലൈൻ സാമൂഹികാഘാത പഠനം: സർവേയിൽ വ്യക്തതയില്ലാത്ത ചോദ്യം

തിരുവനന്തപുരം: സിൽവർ ലൈനിനായി ഏറ്റെടുക്കുന്ന ഭൂമിക്കുശേഷം കൈവശം അവശേഷിക്കുന്ന ഭൂമി എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നെന്ന് ഉടമകളോട് സാമൂഹികാഘാത പഠനത്തിന്‍റെ ഭാഗമായുള്ള ചോദ്യാവലി. സർക്കാറിന് വിട്ടുനൽകൽ, നിലനിർത്തൽ, മറ്റുള്ളവ എന്നിങ്ങനെ ഓപ്ഷനോട് കൂടിയാണ് അവ്യക്തമായ ചോദ്യം.

ഏറ്റെടുക്കുന്ന ഭൂമിക്ക് പുറത്തുള്ളവ മിക്കവാറും ബഫർ സോണിൽ ഉൾപ്പെടുന്നതാണ്. പാതയുടെ ഇരുവശത്തും പത്ത് മീറ്റർ വീതം ബഫർ സോണെന്ന് കെ-റെയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബഫർ സോണിൽ ഉൾപ്പെടുന്ന ഭൂമിക്ക് നഷ്ടപരിഹാരമില്ല. അത് വ്യക്തിയുടെ ഉടമസ്ഥതയിൽ തുടരുന്നതും കെ-റെയിലിന്‍റെ അനുമതിയോടെ പ്രവൃത്തികൾ നടത്താവുന്നതുമായ നിയന്ത്രിത മേഖലയെന്നും നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇങ്ങനെയിരിക്കെയാണ് പദ്ധതിക്കായി ഏറ്റെടുത്തതിന് ശേഷമുള്ള ഭൂമി സർക്കാറിന് വിട്ടുനൽകാൻ താൽപര്യമുണ്ടോ എന്ന ചോദ്യം. അതേസമയം ബഫർ സോണിൽ ഉൾപ്പെടാത്തതും എന്നാൽ, പദ്ധതിക്ക് വിട്ടുകൊടുത്ത ശേഷമുള്ളതുമായ ഭൂമിയുടെ കാര്യമാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് വിശദീകരണം.

ഇതോടൊപ്പം ബദല്‍ പദ്ധതി നിര്‍ദേശിക്കാനുള്ള ചോദ്യവും ചോദ്യാവലിയിലുണ്ട്. സാമൂഹികാഘാത പഠനത്തിനായി എന്തെല്ലാം വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന മാതൃക തയാറാക്കി ഏജന്‍സികള്‍ക്ക് നല്‍കിയത് കെ-റെയിലാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഏജന്‍സികള്‍ ചോദ്യാവലി പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങള്‍ക്ക് നല്‍കുന്നത്. സാമൂഹികാഘാത പഠനത്തിന്‍റെ ഭാഗമായി ബഫര്‍ സോണിലുള്ള സ്ഥലത്തും അതിന് പുറത്തുമുള്ള പ്രത്യാഘാതം പഠിക്കുമെന്ന് ഏജന്‍സികൾ വ്യക്തമാക്കി.

ഇതിനിടെ സിൽവർ ലൈനിൽ കല്ലിടലും ഭൂമിയേറ്റെടക്കലും സംബന്ധിച്ച കാര്യങ്ങൾ ജനങ്ങളോട് നേരിട്ട് വിശദീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കല്ലിടലിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പ്രതിഷേധമുള്ള സ്ഥലങ്ങളിൽ വാർഡ് തലത്തിൽ യോഗങ്ങൾ വിളിക്കുന്നത്.

തത്ത്വത്തിൽ തീരുമാനിച്ചതല്ലാതെ ഇക്കാര്യത്തിൽ വിശദാംശങ്ങൾ ആയിട്ടില്ല. നേരത്തേ പദ്ധതി കടന്നുപോകുന്ന ജില്ലകളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 'ജനസമക്ഷം' എന്ന പേരിൽ പൗരപ്രമുഖരുടെ യോഗം വിളിക്കുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, സിൽവർ ലൈൻ ഇരകളെ പരിഗണിച്ചില്ലെന്നും അവരെ ക്ഷണിച്ചില്ലെന്നുമുള്ള വിമർശനങ്ങളുയർന്നിരുന്നു. പിന്നാലെയാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്ത്.

Tags:    
News Summary - Silver Line Social Impact Study: The Unclear Question in the Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.