തിരുവനന്തപുരം: സിൽവർ ലൈൻ നിർമാണത്തിൽ പ്രധാന പ്രതീക്ഷയായ 33,000 കോടിയുടെ വിദേശ വായ്പയിലും റെയിൽവേ ബോർഡ് നിലപാട് നിർണായകം. ഡിപ്പാർട്ട്മെൻറ് ഓഫ് ഇക്കണോമിക് അഫയേഴ്സാണ് വിദേശ ബാങ്കുകളുമായുള്ള ഔദ്യോഗിക ചർച്ചക്ക് കെ-റെയിലിന് അന്തിമ അനുമതി നൽകേണ്ടത്. മുഴുവൻ വായ്പ തുകയ്ക്കും സംസ്ഥാന സർക്കാർ ഗാരൻറി നൽകിയ സാഹചര്യത്തിൽ മറ്റ് തടസ്സങ്ങളുണ്ടാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാറിന്റെ പ്രതീക്ഷ.
എന്നാൽ, മറ്റു നടപടി പൂർത്തിയായെങ്കിലും റെയിൽവേ ബോർഡിന്റെ കൂടി നിലപാട് തേടിയിരിക്കുകയാണ് ധനകാര്യ വിഭാഗം. ഇതുകൂടി പരിഗണിച്ചാവും വായ്പ ചർച്ചകൾക്ക് അനുമതി നൽകുക. ഇതാണ് വായ്പ നീക്കങ്ങളെ അനിശ്ചിതത്വത്തിലാക്കുന്നത്. സിൽവർ ലൈനിൽ പ്രതിദിനം ലഭിക്കുമെന്ന് കെ-റെയിൽ കണക്കാക്കുന്ന യാത്രക്കാരുടെ എണ്ണത്തിലടക്കം റെയിൽവേ ബോർഡ് സംശയം പ്രകടിപ്പിക്കുകയും വ്യക്തത തേടുകയും ചെയ്തിരുന്നു. റെയിൽവേ ആശ്രയിക്കുന്നവരടക്കം സിൽവർ ലൈനിലേക്ക് മാറുമെന്ന പദ്ധതിരേഖയിലെ പരാമർശം തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയും ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. ചെലവാക്കുന്ന തുകയും തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വരുമാനവും അടിസ്ഥാനപ്പെടുത്തിയുള്ള ഫിനാഷ്യൽ ഇന്റേണൽ റേറ്റ് ഓഫ് റിട്ടേണിലും (ഐ.ആർ.ആർ) ബോർഡ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ജൈക്കയിൽനിന്ന് 33,000 കോടി വായ്പയ്ക്കുള്ള ചർച്ചക്ക് 2018ൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിൽനിന്ന് കെ-റെയിൽ അനുമതി നേടിയിരുന്നു. എന്നാൽ, മറ്റ് പദ്ധതികൾക്ക് ചെലവഴിക്കേണ്ടതുള്ളതിനാൽ ഇത്രയധികം തുക അനുവദിക്കുന്നതിൽ പരിമിതിയുണ്ടെന്ന് ജൈക്ക അറിയിച്ചു. തുടർന്നാണ് കൂടുതൽ ബാങ്കുകളെ ഉൾപ്പെടുത്തി ഭേദഗതി വരുത്തിയ വായ്പ പ്രൊപ്പോസൽ സമർപ്പിച്ചത്. ഇതനുസരിച്ച് ജൈക്ക 250 കോടി ഡോളർ (18598 കോടി രൂപ), എ.ഡി.ബി 100 കോടി ഡോളർ (7439 കോടി രൂപ), എ.ഐ.ഐ.ബി 50 കോടി ഡോളർ (3719 കോടി രൂപ), കെ.എസ്.ഡബ്ല്യൂ 46 കോടി ഡോളർ (3422 കോടി രൂപ) എന്നിങ്ങനെയാണ് കെ-റെയിൽ പ്രതീക്ഷിക്കുന്ന വായ്പ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.