തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി റെയിൽവേ ഭൂമിയിൽ സംയുക്ത സർവേക്ക് കെ-റെയിൽ നടപടി തുടങ്ങി. സർവേക്കുള്ള ഏജൻസിയെ കണ്ടെത്താൻ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ജി.പി.എസ് സംവിധാനം ഉപയോഗിച്ചാണ് സര്‍വേ. ഫലത്തിൽ റെയിൽവേ ഭൂമിയിലും കല്ലിടൽ ഒഴിവാക്കിയെന്ന് വ്യക്തം. സിൽവര്‍ലൈൻ കടന്നുപോകുന്ന ഭൂമിയുടെ അളവ്, അതിര്‍ത്തി, അലൈൻമെന്‍റിൽ ഉൾപ്പെട്ട സ്ഥലത്തെ റെയിൽവേ സ്വത്തുക്കളുടെ മൂല്യം എന്നിവയാണ് കണക്കാക്കുന്നത്.
രണ്ടു മാസത്തിനകം സർവേ പൂര്‍ത്തിയാക്കണമെന്നും കല്ലിടൽ വേണ്ടെന്നും ടെൻഡറിൽ വ്യവസ്ഥയുണ്ട്. കെ-റെയിലിന്‍റെയും ദക്ഷിണ റെയിൽവേയുടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം സർവേ നടത്തേണ്ടത്. ഡിസംബറിലാണ് റെയിൽവേ ബോര്‍ഡുമായി കെ-റെയിൽ അധികൃതര്‍ ആശയവിനിമയം നടത്തിയത്. റെയിൽവേ ബോര്‍ഡിന് മുന്നിൽ ഡി.പി.ആര്‍ അവതരിപ്പിച്ചപ്പോൾ സംയുക്ത സര്‍വേ എന്ന ആശയം ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ മുന്നോട്ടുവെച്ചിരുന്നു.
റെയിൽവേയുടെ 2180 കോടി രൂപയും 975 കോടി രൂപ വിലവരുന്ന ഭൂമിയും ചേർത്ത് 3125 കോടിയാണ് സിൽവർ ലൈനിൽ റെയിൽവേ വിഹിതമായി നിശ്ചയിച്ചിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി ഉന്നയിക്കുന്നതിനാൽ 2180 കോടി രൂപ റെയിൽവേയിൽനിന്ന് കിട്ടുന്നതിൽ അനിശ്ചിതത്വമുണ്ട്.
ഭൂമിയുടെ കാര്യത്തിലാണ് ഇനി കെ-റെയിലിന്‍റെ പ്രതീക്ഷ. നിലവിലെ റെയിൽവേ പാതക്ക് സമാന്തരമായി സിൽവർലൈൻ കടന്നുപോകുന്ന തിരൂർ മുതൽ കാസർകോട് വരെ ഭാഗത്താണ് റെയിൽവേ ഭൂമി വിട്ടുകിട്ടേണ്ടത്. തിരുവനന്തപുരം ജില്ലയിലെ കൊച്ചുവേളി മുതൽ മുരുക്കുംപുഴവരെയും നിലവിലെ പാതക്ക് സമാന്തരമായാണ് സിൽവർലൈൻ അലൈൻമെന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.