തിരുവനന്തപുരം: വിദഗ്ധാഭിപ്രായങ്ങളും വിയോജിപ്പുകളും മുഖവിലയ്ക്കെടുക്കാതെ സിൽവർ ലൈൻ സർവേയുടെ പേരിൽ സർക്കാർ തുടർന്ന നിയമപിൻബലമില്ലാത്ത കടുംപിടുത്തത്തിന് സ്വയം തിരുത്താണ് കല്ലിടൽ നിർത്തിയുള്ള പുതിയ ഉത്തരവ്. പദ്ധതിക്കുള്ള ഭൂമി സര്‍വേക്കായി അതിരുകല്ലുകള്‍ സ്ഥാപിക്കണമെന്ന് കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ടിൽ പരാമര്‍ശമില്ലെന്നിരിക്കെ ഏതു നിയമത്തിന്‍റെ പിൻബലത്തിലാണ് കല്ലിടൽ എന്ന ചോദ്യം തുടക്കം മുതലേ ഉയർന്നെങ്കിലും കെ-റെയിലും സർക്കാറും കൃത്യമായ മറുപടിയോ വിശദീകരണമോ നൽകിയിരുന്നില്ല. എന്നാൽ, കേന്ദ്രാനുമതി ലഭിക്കുകയോ പദ്ധതി നിർവഹണത്തിനാവശ്യമായ വായ്പ തരപ്പെടുകയോ ചെയ്യാത്ത ഘട്ടത്തിൽ ഭൂമിയേറ്റെടുക്കലിന്‍റെ പ്രതീതി സൃഷ്ടിക്കും വിധമായിരുന്നു പൊലീസിനെ ഉപയോഗിച്ചുള്ള ബലംപ്രയോഗിക്കലും അറസ്റ്റുചെയ്തു നീക്കലുമെല്ലാം.
അപ്പോഴും ആരാണ് കല്ലിടലിന് നിർദേശം നൽകിയെന്നത് അവ്യക്തമായിരുന്നു. ഒരുവേള റവന്യൂ വകുപ്പിന്‍റെ നിർദേശപ്രകാരമാണ് കല്ലിടലെന്ന കെ-റെയിൽ വിശദീകരണം റവന്യൂമന്ത്രി പരസ്യമായി നിഷേധിക്കുന്നതിലും തള്ളിപ്പറയുന്നതിൽ വരെ വിവാദങ്ങൾ മൂർഛിച്ചു. എന്നാൽ, കല്ലിടൽ അവസാനിപ്പിച്ച് തിങ്കളാഴ്ച ഇറക്കിയ ഉത്തരവിൽ ഇത് സംബന്ധിച്ച് വ്യക്തത റവന്യൂ വകുപ്പ് വരുത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ' സാമൂഹ്യാഘാത പഠനം നടത്താനുള്ള സർവേക്കായി കല്ലിടാൻ പോകുന്നുവെന്ന് കെ-റെയിൽ അറിയിച്ചിരുന്നെന്നാണ് ഉത്തരവിന്‍റെ തുടക്കത്തിൽ റവന്യൂ വകുപ്പ് അടിവരയിടുന്നത്. തങ്ങളല്ല കല്ലിടാൻ നിർദേശിച്ചതെന്ന് പറയാതെ പറഞ്ഞതിനൊപ്പം അതൃപ്തിയുടെ സൂചനകൾ കൂടി റവന്യൂ ഉത്തരവിലുണ്ട്.
സിൽവർ ലൈൻ സർവേയുടെ പേരിൽ ബലംപ്രയോഗിച്ചുള്ള കല്ലിടൽ സർക്കാർ അധികാരപ്രയോഗത്തിന്‍റെ പ്രതീകമെന്നനിലയിൽ തുടക്കം മുതൽതന്നെ കടുത്ത പ്രതിഷേധത്തിന് വിധേയമായിരുന്നു. 'സാമൂഹികാഘാതത്തിന്‍റെ ഭാഗമായി അടയാളമിടണമെന്നല്ലാതെ കല്ലിടൽ നിർബന്ധമില്ലെന്ന്' കെ-റെയിൽ സംവാദത്തിൽ സിൽവർ ലൈനിനെ അനുകൂലിക്കാനെത്തിയ റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിനും ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹികാഘാത പഠനം നടത്തേണ്ട പ്രദേശം അതിര് തിരിച്ചു മാര്‍ക്ക് ചെയ്താല്‍ മതിയെന്ന് മാത്രമാണ് നിയമത്തിലുള്ളത്. അതു മഞ്ഞ നിറത്തിലുള്ള ഗുണനചിഹ്നമോ വരകളോ മതിയാകുമെന്നാണ് നിയമത്തിലുമുള്ളത്.
അതിരുനിർണയ രീതി മാറും; പക്ഷേ സർവേ..
തിരുവനന്തപുരം: സിൽവർ ലൈൻ അതിരുനിർണയ രീതികൾ മാറുമെങ്കിലും സാമൂഹികാഘാത സർവേയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പൂർണമായും ജനം സഹകരിച്ചാൽ മാത്രം നടക്കുന്ന സർവേയും വിവരശേഖരണവുമാണ് സാമൂഹികാഘാത പഠനത്തിന്റെ പ്രധാന ഘടകം. ഉദ്യോഗസ്ഥർ പദ്ധതിമേഖലയിലെ വീടുകളിലെത്തിയാണ് സർവേ നടത്തേണ്ടത്. ഇതിനായി 75 ചോദ്യങ്ങളുൾപ്പെടുന്ന ചോദ്യാവലിയും തയാറാക്കിയിട്ടുണ്ട്. അതിരുനിർണയ നടപടികൾ തന്നെ ഇത്രയേറെ പ്രശ്നസങ്കീർണമായ സാഹചര്യത്തിൽ വിവരങ്ങൾ നൽകുന്നതിൽ ഭൂവുടമകൾ നിസ്സഹകരിച്ചാൽ വീടുകളിലെത്തിയുള്ള സർവേ അവതാളത്തിലാകും. വിവരശേഖരണത്തിനൊടുവിൽ വീട്ടുടമ സർവേ ഫോറത്തിൽ ഒപ്പിട്ടുനൽകണമെന്നതിനാൽ വിശേഷിച്ചും. കണ്ണൂരിൽ ഇത്തരം ഗൃഹസന്ദർശനങ്ങൾ തുടങ്ങിയെങ്കിലും ആളുകളുടെ നിസ്സഹകരണവും പ്രതിഷേധവും മൂലം വേഗം അവസാനിപ്പിക്കേണ്ടി വന്നു.
17 പേജുള്ള വിവരശേഖരണ ചോദ്യാവലിയിൽ ഒന്നാം പുറത്ത് സിൽവർ ലൈൻ കടന്നുപോകുന്ന വസ്തുവിൽ പദ്ധതി സംബന്ധമായി സ്ഥാപിച്ച അതിർത്തിക്കല്ലിന്റെ നമ്പർ ചോദിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ഇത് മാറ്റേണ്ടി വരും. ഭൂമി ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച വിവരശേഖരണമാണ് സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി നടത്തുന്നതെന്നാണ് കെ-റെയിലിന്റെ വിശദീകരണം.
'തിരുത്തൽ'; പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധം
തിരുവനന്തപുരം: കെ-റെയിൽ കല്ലിടൽ ഉപേക്ഷിച്ച സർക്കാർ തീരുമാനം പ്രതിപക്ഷത്തിന് നേട്ടം. എന്തുവില കൊടുത്തും കല്ലിടലുമായി മുന്നോട്ട് പോകുമെന്ന നിലപാടിൽനിന്നാണ് പിന്മാറേണ്ടിവന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ സർക്കാറിന്റെ 'തിരുത്തൽ' മുഖ്യ രാഷ്ട്രീയ വിഷയമാകും.
കെ-റെയിൽ സാമൂഹികാഘാത പഠനത്തിന്റെ പേരിലാണ് കല്ലിടൽ നടന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പ്രതിപക്ഷം പൂർണ പിന്തുണ നൽകിയതോടെ കല്ലിടൽ പൊലീസുമായുള്ള ഏറ്റുമുട്ടലായി. സി.പി.എം കേന്ദ്രങ്ങളിൽപോലും ശക്തമായ ചെറുത്തുനിൽപ് ഉണ്ടായി. കല്ലിടലിന് പകരം മറ്റ് വഴികൾ തേടണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ വഴങ്ങിയില്ല. പഠനത്തിന് കോടതി അനുമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പഠനത്തിനാണ് കോടതി അനുമതിയെന്നും പദ്ധതിക്ക് അനുമതി ലഭിക്കുംമുമ്പ് കല്ല് സ്ഥാപിക്കാമെന്ന് കോടതി നിർദേശിച്ചിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ വഴങ്ങിയില്ല.
കെ-റെയിൽ പദ്ധതിയെ അനുകൂലിക്കുന്നവരും സ്വകാര്യഭൂമിയിൽ ബലപ്രയോഗത്തിലൂടെ കല്ലിടുന്നതിൽ വിയോജിച്ചു. സർക്കാറിന്റെ പിടിവാശി രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് ഭരണപക്ഷത്തുതന്നെ അഭിപ്രായം ഉയർന്നു. ഈ സാഹചര്യത്തിലാണ് കല്ലിടൽ ഉപേക്ഷിച്ച് ജിയോ ടാഗിങ്ങോ ജി.പി.എസ് സംവിധാനമോ ഉപയോഗിച്ച് സാമൂഹികാഘാത പഠനം നടത്താനുള്ള സർക്കാർ തീരുമാനം. ഈ മനംമാറ്റം പ്രതിപക്ഷത്തിന് രാഷ്ട്രീയനേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.