മാള (തൃശൂർ)/കൊൽക്കത്ത: മദര്‍ തെരേസ സ്ഥാപിച്ച കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ നാലാമത്തെ സുപ്പീരിയർ ജനറലായി സിസ്റ്റർ മേരി ജോസഫിനെ തെരഞ്ഞെടുത്തു. തൃശൂര്‍ മാള പൊയ്യ പാറയിൽ പരേതരായ ദേവസി- കൊച്ചുത്രേസ്യ ദമ്പതികളുടെ മകളാണ്. കൊൽക്കത്തയിലെ മദർ ഹൗസിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഈ പദവിയില്‍ എത്തുന്ന ആദ്യ മലയാളിയാണ്. നിലവിൽ മിഷനറീസ് ഓഫ് ചാരിറ്റി കേരള മേധാവിയാണ്. മദര്‍ തെരേസക്കു ശേഷം 1997-2009ൽ സന്യാസ സമൂഹത്തെ നയിച്ചത് നേപ്പാൾ വംശജയായ സിസ്റ്റർ നിർമല ജോഷിയായിരുന്നു. തുടർന്ന് 13 വർഷമായി ജര്‍മന്‍ വംശജ സിസ്റ്റർ പ്രേമ (പിയറിക്) ആയിരുന്നു സുപ്പീരിയർ ജനറൽ.
ആരോഗ്യ കാരണങ്ങളാൽ സിസ്റ്റർ പ്രേമ ചുമതല ഒഴിഞ്ഞതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് മിഷനറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കൃഷ്ണൻ കൊൽക്കത്തയിൽ അറിയിച്ചു. സിസ്റ്റർ മേരി ജോസഫിന്റെ സ്ഥാനാരോഹണം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഈ മാസം അവസാനം പുറത്തിറക്കുമെന്നും വക്താവ് പറഞ്ഞു.
സിസ്റ്റർ ക്രിസ്റ്റിയെ അസിസ്റ്റന്റ് ജനറലായും സിസ്റ്റർ സിസിലിയെ സെക്കൻഡ് കൗൺസിലറായും സിസ്റ്റർ മേരി ജുവാൻ, സിസ്റ്റർ പാട്രിക് എന്നിവരെ മൂന്നും നാലും കൗൺസിലർമാരായും തെരഞ്ഞെടുത്തിട്ടുണ്ട്.
1950ൽ മദർ തെരേസ സ്ഥാപിച്ച 'മിഷനറീസ് ഓഫ് ചാരിറ്റി' സന്യാസിനി സമൂഹം ലോകമെമ്പാടുമുള്ള നിരാലംബര്‍ക്ക് താങ്ങും തണലുമാണ്. വിവിധ രാജ്യങ്ങളിലായി അയ്യായിരത്തിലധികം സിസ്റ്റർമാർ സേവനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.