തിരുവനന്തപുരം: താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ നടപടികളുമായി മുന്നോട്ടുപോകവെ പൊലീസിലും നിയമന വിവാദം. ഫിംഗർ പ്രിൻറ് സെർച്ചേഴ്സ് നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഇൻറർവ്യൂ ബോർഡ് അംഗത്തിെൻറ സഹോദരിക്കും അയോഗ്യരായ രണ്ടുപേർക്കും നിയമനം നൽകിയതായി പരാതിയിൽ വ്യക്തമാക്കുന്നു.
പൊലീസിലെ ഫിംഗർ പ്രിൻറ് സെർച്ചേഴ്സ് നിയമനം നടത്തുന്നത് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയാണ്. പൊലീസിലെയും വിജിലൻസിലെയും ക്ലാസ് -3 ജീവനക്കാർക്കാണ് ചട്ടപ്രകാരം ജോലിക്കായുള്ള യോഗ്യത. എന്നാൽ, എസ്.സി.ആർ.ബിയിലെ രണ്ട് ക്ലാസ് -4 ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കായി നിയമന അട്ടിമറി നടന്നതായാണ് ആരോപണം. മാത്രമല്ല, ഇൻറർവ്യൂ ബോർഡിൽ ഫിംഗർ പ്രിൻറ് എക്സ്പേർട്ട് ആയി പങ്കെടുത്തയാളുടെ സഹോദരിക്കും ജോലി ലഭിച്ചിട്ടുണ്ട്.
ഇതിനു പിന്നിൽ എസ്.സി.ആർ.ബിയിലെ ഉന്നതെൻറ ഇടപെടലാണെന്നും ഉദ്യോഗാർഥികൾ പറയുന്നു. ഫിംഗർ പ്രിൻറ് ബ്യൂറോയിലെ ടൈപ്പിസ്റ്റും ജോലിനോക്കുന്നവരുടെ ബന്ധുവും ഇൻറർവ്യൂവിൽ പങ്കെടുക്കുമ്പോൾ ഫിംഗർ പ്രിൻറ് ബ്യൂറോയെക്കൊണ്ട് ചോദ്യം തയാറാക്കിയത് ക്രമപ്രകാരമല്ല. പരീക്ഷയിൽ ജയിക്കുന്നവരെ മാത്രമാണ് സാധാരണ ഇൻറർവ്യൂവിന് വിളിക്കുന്നത്. പട്ടികയിലുള്ള എല്ലാവരെയും ഇൻറർവ്യൂവിന് വിളിച്ചത് ക്രമപ്രകാരമല്ല. സിലബസ് പ്രകാരമുള്ള എല്ലാ ചോദ്യങ്ങളും ഉൾപ്പെടുത്തിയില്ലെന്നും പരാതിയുണ്ട്.
2020 ജനുവരിയിൽ അപേക്ഷ ക്ഷണിച്ച നിയമനത്തിലേക്ക് ഡിസംബർ 22 നാണ് പരീക്ഷ നടത്തിയത്. എന്നാൽ, മാർക്ക് പ്രസിദ്ധീകരിക്കാതെ, പരീക്ഷ എഴുതിയ മുഴുവൻ പേർക്കുമായി കഴിഞ്ഞ മാസം ഏഴിന് അഭിമുഖം നടത്തി. ഇൻറർവ്യൂവിന് രണ്ടു മാർക്കുനേടിയ വ്യക്തി ഉൾപ്പെടെ 10 പേർക്ക് ജനുവരി 12ന് നിയമന ഉത്തരവ് നൽകി. ഉദ്യോഗാർഥികളുടെ പരാതി തുടർ നടപടികൾക്കായി ആഭ്യന്തരവകുപ്പ് ഡി.ജി.പിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.