ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും

തിരുവനന്തപുരം: ജനറൽ സെക്രട്ടറിയെന്ന നിലയിൽ ശാക്തികമായ ക്ഷയമുണ്ടായെങ്കിലും സീതാറാം യെച്ചൂരി തന്നെ മൂന്നാം തവണയും സി.പി.എമ്മിന്‍റെ ജനറൽ സെക്രട്ടറിയായി തുടർന്നേക്കും. 23ാം പാർട്ടി കോൺഗ്രസിന് ഏപ്രിൽ ആറിന് കണ്ണൂരിൽ കൊടിയുയരുമ്പോൾ കേരളത്തിൽനിന്ന് ഒരാൾ കൂടി പുതുതായി പോളിറ്റ് ബ്യൂറോയിൽ ഉണ്ടാകുമെന്നുറപ്പായി.

2015 ഏപ്രിലിൽ വിശാഖപട്ടണത്ത് ചേർന്ന 21 ാം പാർട്ടി കോൺഗ്രസിലാണ് പ്രകാശ് കാരാട്ടിനെ പിന്തുടർന്ന് ആദ്യമായി യെച്ചൂരി ജനറൽ സെക്രട്ടറിയായത്. 2018 ഏപ്രിലിലെ 22 ാം ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ രണ്ടാം തവണ ജനറൽ സെക്രട്ടറിയായി. 75 വയസ്സ് തികഞ്ഞവർ പദവി ഒഴിയണമെന്ന കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് പാർട്ടി കോൺഗ്രസ് ഔദ്യോഗികമായി അംഗീകാരം നൽകാനിരിക്കുന്നതേയുള്ളൂവെങ്കിലും മുതിർന്ന നേതാക്കൾ മേൽ ഘടകങ്ങളിൽ നിന്ന് ഒഴിയും. പി.ബിയിൽ നിന്ന് എസ്. രാമചന്ദ്രൻ പിള്ള ഒഴിയും. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയൻ തുടരണമെന്ന ധാരണ പി.ബി തലത്തിലുണ്ട്. 75 വയസ്സ് എന്ന പ്രായ പരിധിയിൽ അദ്ദേഹത്തിന് ഇളവ് നൽകാനാണ് ധാരണ.

എസ്.ആർ.പിക്കു പകരം കേരളത്തിൽനിന്ന് എ. വിജയരാഘവൻ പി.ബിയിലെത്തും. അതോടെ, കേരള പി.ബിയംഗങ്ങളുടെ എണ്ണം നാലായി തന്നെ തുടരും. ബംഗാളിൽ നിന്നുള്ള ഹനൻമൊല്ല, ബിമൻ ബസു എന്നിവർ പി.ബിയിൽനിന്ന് ഒഴിയുമ്പോൾ ഒരാൾ മാത്രമേ പുതുതായി വരാൻ സാധ്യതയുള്ളൂവെന്നാണ് സൂചന. നിലവിൽ സൂര്യകാന്ത് മിശ്ര, മുഹമ്മദ് സലീം, നീലോൽപൽ ബസു, തപൻസെൻ എന്നിവർ പി.ബിയിലുണ്ട്. സംഘടനാപരമായ ശോഷണത്തിന്‍റെ അടിസ്ഥാനത്തിൽ, ആറിനു പകരം പി.ബിയംഗങ്ങളുടെ എണ്ണം അഞ്ചാവുന്നതിനെ ബംഗാൾ ഘടകം എങ്ങനെ സ്വീകരിക്കുമെന്നത് പ്രധാനമാണ്. അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻമൊല്ലക്ക് പകരം, പ്രസിഡന്‍റും നിലവിൽ സി.സി അംഗവുമായ മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ധാവ്ളെ പി.ബിയിലെത്തും. പി.ബിയിൽ നിലവിൽ വൃന്ദ കാരാട്ടും സുഭാഷിണി അലിയുമാണ് വനിതകളായുള്ളത്. അതിൽ മാറ്റമുണ്ടാവുമോയെന്നതും ശ്രദ്ധേയമാകും. അതേസമയം കേന്ദ്ര കമ്മിറ്റിയുൾപ്പെടെ ഘടകങ്ങളിലെ സ്ത്രീ പ്രാതിനിധ്യത്തിൽ പാർട്ടി കോൺഗ്രസിൽ തീരുമാനമുണ്ടാകും. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ പി.ബിയിൽ ഇതുവരെ ദലിത് വിഭാഗത്തിൽ നിന്നൊരാളുമില്ലെന്നത് ചൂണ്ടിക്കാട്ടി നേതൃത്വം കടുത്ത വിമർശനത്തിനിരയായിരുന്നു. ഇതിന് പരിഹാരമായി കണ്ണൂർ പാർട്ടി കോൺഗ്രസിൽ ദലിത് പ്രാതിനിധ്യം പി.ബിയിലുണ്ടാകുമെന്നുറപ്പായി. എന്നാൽ, അത് കേരളത്തിൽ നിന്നാവില്ല. കേരളത്തിൽ കേന്ദ്ര കമ്മിറ്റിയിൽനിന്ന് പി. കരുണാകരൻ, വൈക്കം വിശ്വൻ എന്നിവർ പ്രായപരിധി അനുസരിച്ച് ഒഴിയും. പകരം പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവർ സി.സിയിലെത്തിയേക്കും. എം.സി. ജോസഫൈന്‍റെ സാധ്യതകളെ കുറിച്ച് സംസ്ഥാന ഘടകത്തിൽ അഭ്യൂഹം ശക്തമാണ്.

Tags:    
News Summary - Sitaram Yechury will continue as CPM general secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.