നെട്ടൂർ (എറണാകുളം): നെട്ടൂരിൽ ദേശീയപാതയോരത്ത് തലയുയർത്തി നിൽക്കുന്ന 'മസ്ജിദുൽ ഹിമായ'ക്ക് മാനവസൗഹൃദത്തിെൻറ തേനൂറും കഥ പറയാനുണ്ട്. നാൽപതാണ്ടുമുമ്പ് നെട്ടൂർ പൂണിത്തുറ സ്വദേശി ഡാൻസർ കെ. മാധവമേനോനാണ് പള്ളിക്ക് സ്ഥലം നൽകിയത്. പിതാവ് ഇട്ടിരാരിച്ച മേനോക്കിയുടെ സ്മരണക്ക് മാധവമേനോൻ ദാനമായി നൽകുകയായിരുന്നു. ഇപ്പോൾ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയുടെ പത്നി സാബിറ യൂസഫലി, തെൻറ മാതാവിൻെറ സ്മരണക്ക് പള്ളി പുനർനിർമിച്ചു.
അറേബ്യൻ മാതൃകയിൽ പുനർനിർമിച്ച മസ്ജിദുൽ ഹിമായയുടെ ഉദ്ഘാടനം എം.എ. യൂസഫലി നിർവഹിച്ചു. സാഹോദര്യത്തിൻെറ തണലിലാണ് ഇസ്ലാമും ക്രിസ്തുമതവുമൊക്കെ നമ്മുടെ രാജ്യത്ത് വളർന്നതെന്ന് യൂസഫലി പറഞ്ഞു. ക്ഷേത്രങ്ങളും പള്ളികളും ചർച്ചുകളും തൊട്ടുരുമ്മി നിൽക്കുന്നത് സൗഹൃദത്തിൻെറ കാഴ്ചയാണ്. സഹവർത്തിത്വവും സാഹോദര്യവും ഈ കാലഘട്ടത്തിൻെറ ആവശ്യമാണ്. എല്ലാ മതസ്ഥരെയും സ്വീകരിച്ച പാരമ്പര്യമുള്ള മഹത്തായ രാജ്യമാണ് നമ്മുേടതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മസ്ജിദുൽ ഹിമായ പ്രസിഡൻറ് പി.കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ. ബാബു, കെ.ബി. മുഹമ്മദ്കുട്ടി മാസ്റ്റർ, മസ്ജിദുൽ ഹിമായ സെക്രട്ടറി സി.എ. ഷംസുദ്ദീൻ, വൈസ് പ്രസിഡൻറ് എം.എ. നൗഷാദ് എന്നിവർ സംസാരിച്ചു. ഖതീബ് അഫ്സൽ മാഫി ദുആയും സുഹൈൽ ദാരിമി ഖിറാഅത്തും നിർവഹിച്ചു.
മൂന്ന് നിലയിലായി 16,000 ചതുരശ്ര അടിയിലാണ് പള്ളിയുടെ നിർമാണം. താഴത്തെ നിലയിൽ ശീതീകരിച്ച പള്ളിയിൽ മൂന്നുനിലയിലുമായി 1800 പേർക്ക് ഒരേസമയം പ്രാർഥിക്കാം. യാത്രക്കാരായ സ്ത്രീകൾക്ക് പ്രാർഥനക്ക് പ്രത്യേക സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. 1978 ഒക്ടോബർ 10നായിരുന്നു ആദ്യപള്ളിയുടെ ശിലാസ്ഥാപനം. 1981 നവംബർ 22ന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.