വർക്കല: ശിവഗിരിയുടെ പ്രാന്തപ്രദേശങ്ങളെയാകെ ഭക്തി നിറവിലാറാടിച്ച് 91ാം തീർഥാടന ഘോഷയാത്ര. നൂറുകണക്കിന് പീതാംബര വേഷധാരികൾ ശ്രീനാരായണ മന്ത്രധോരണികളോടെ പഞ്ചശുദ്ധി വ്രതം നോറ്റാണ് ഘോഷയാത്രയിൽ അണിചേർന്നത്. കടൽപോലെ ഒഴുകിയെത്തിയ ഘോഷയാത്രയെ ആവേശപൂർവമാണ് ശിവഗിരിക്കുന്നും താഴ്വാരവും നഗരവും നാട്ടുകാരും എതിരേറ്റത്. യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നും ഇക്കുറി വൻതോതിലാണ് തീർഥാടകരെത്തിയത്. പുലർച്ചെ അഞ്ചിന് ശ്രീനാരായണ ഗുരുവിന്റെ അലങ്കരിച്ച റിക്ഷക്കൊപ്പം സന്യാസിമാരും അകമ്പടി സേവിച്ചു.
പര്‍ണശാലയിലും ശാരദാമഠത്തിലും സമാധി പീഠത്തിലും പ്രത്യേക പൂജകളെ തുടര്‍ന്നാണ് ഘോഷയാത്ര ആരംഭിച്ചത്. സമാധി മണ്ഡപത്തിൽനിന്ന് പുറപ്പെട്ട ഘോഷയാത്ര കടന്നുപോയ വീഥികളിലൊക്കെയും വ്യക്തികളും സ്ഥാപനങ്ങളും ഭക്തിനിര്‍ഭരമായ വരവേല്പ് നല്കി. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ജോയന്റ് സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ട്രസ്റ്റ് ബോര്‍ഡംഗം സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്കി.
സ്വാമി സത്യാനന്ദ തീർഥ, സ്വാമി ശങ്കരാനന്ദ, സ്വാമി ശിവനാരായണ തീര്‍ഥ, സ്വാമി പ്രബോധ തീര്‍ഥ, സ്വാമി വെങ്കടേശ്വര്‍, സ്വാമി അംബികാനന്ദ, സ്വാമിനി ആര്യനന്ദാദേവി, തീർഥാടന കമ്മിറ്റി ചെയര്മാന് കെ.ജി. ബാബുരാജന്, കെ. മുരളീധരന്, സുരേഷ് കുമാര്‍, മധുസൂദനന് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.