ശിവശങ്കറിനെ പേടിയാണോ? കസ്റ്റംസിന് കോടതിയുടെ രൂക്ഷവിമർശനം

തിരുവനന്തപുരം: എം. ശിവശങ്കറിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെ കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമർശനം. ശിവശങ്കറിനെതിരെ എന്ത് തെളിവുകളാണ് ഇതുവരെ ശേഖരിച്ചത് എന്നും എന്തിനുവേണ്ടിയാണ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. പത്ത് ദിവസം കസ്റ്റംസ് ശിവശങ്കരനെ കസ്റ്റിഡിയില്‍ ആവശ്യപ്പെട്ടെങ്കിലും അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്.

അവസാന നിമിഷം ശിവശങ്കറിന്‍റെ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകം എന്തെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി കസ്റ്റംസിനോട് ചോദിച്ചു. ശിവശങ്കറിന്‍റെ ഉന്നത പദവികളെക്കുറിച്ച് കസ്റ്റംസ് മൗനം പാലിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. മാധവൻ നായരുടെ മകൻ ശിവശങ്കർ എന്നതല്ലാതെ അദ്ദേഹം വഹിച്ച ഉന്നത പദവികളെക്കുറിച്ച് ഇന്നുവരെ കോടതിരേഖകളിലൊന്നും കസ്റ്റംസ് പറഞ്ഞിട്ടില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

ശിവശങ്കറിനെ പേടിയാണോ എന്നും, പ്രതി വഹിച്ചിരുന്ന ഉന്നതമായ പദവികളെന്ത് എന്ന് അറിയാഞ്ഞിട്ടാണോ എഴുതാത്തതെന്നും കോടതി ചോദിച്ചു. കോടതി രൂക്ഷപരാമർശങ്ങൾ നടത്തുമ്പോൾ എം ശിവശങ്കറും വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരായിരുന്നു. പതിവ് അപേക്ഷകളിൽ പറയുന്ന കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് കസ്റ്റംസ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥർ ഈ കാര്യങ്ങൾക്കെല്ലാം മറുപടി നൽകണമെന്നും കോടതി പറഞ്ഞു.

കേസിൽ മറ്റെല്ലാ ഏജൻസികളും നടപടികളെടുത്ത ശേഷം പതിനൊന്നാം മണിക്കൂറിലാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. പതിനൊന്നാം മണിക്കൂറിൽ എന്തിനാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്? ഇതിന് പ്രേരിപ്പിച്ച ഘടകമെന്ത്? - കോടതി ചോദിച്ചു. ശിവശങ്കറിനെ എന്തിന് ചോദ്യം ചെയ്യണം എന്ന് പോലും കസ്റ്റംസ് ഹരജിയിൽ വ്യക്തമാക്കുന്നില്ല. പതിവ് ശൈലിയിലുള്ള കസ്റ്റഡി അപേക്ഷ മാത്രമാണിതെന്നും കോടതി പറഞ്ഞു.

ശിവശങ്കറിനെ മനപ്പൂർവം കേസിൽ കുടുക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന് അഭിഭാഷകൻ പറഞ്ഞു. നാല് മാസം അന്വേഷിച്ചിട്ടും  ശിവശങ്കറിനെതിരെ ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. ഒൻപത് തവണ ചോദ്യം ചെയ്തപ്പോഴും ശിവശങ്കറിനെതിരെ സ്വപ്ന നൽകാത്ത മൊഴി ഇപ്പോൾ നൽകിയതിലും ദുരൂഹതയുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.

കസ്റ്റംസ് നിലപാടിൽ കോടതി സംശയം പ്രകടിപ്പിച്ചത് കസ്റ്റംസിന് വലിയ തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.