മട്ടാഞ്ചേരി: ഭൂമി തരംമാറ്റാൻ അപേക്ഷയുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്തതിനെ തുടർന്ന് മത്സ്യത്തൊഴിലാളി പറവൂർ മുത്തകുന്നത്ത് സജീവൻ ജീവനൊടുക്കിയ സംഭവത്തിൽ ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിലെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആർ.ഡി ഓഫിസിൽ നേരത്തേ ജൂനിയർ സൂപ്രണ്ടായിരുന്ന ഷനോജ് കുമാർ, സീനിയർ ക്ലർക്കായിരുന്ന സി.ജെ. ഡെൽമ, സീനിയർ ക്ലർക്ക് ഒ.ബി. അഭിലാഷ്, സെക്ഷൻ ക്ലർക്ക് മുഹമ്മദ് അസ് ലം, മുൻ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് കെ.സി. നിഷ, മുൻ എൽ.ഡി ടൈപ്പിസ്റ്റ് ടി.കെ. ഷമീം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ലാൻഡ് റവന്യൂ ജോയന്‍റ് കമീഷ്ണർ ജെറോമിക് ജോർജിന്റെ അന്വേഷണ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് സജീവൻെറ കുടുംബം ആവശ്യപ്പെട്ടു. ഫയൽ പൂഴ്ത്തിവെച്ചതിന് മാത്രമാണ് നടപടിയെടുത്തത്. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിൽ സന്തോഷമുണ്ടെന്നും കുടുംബം പറഞ്ഞു.
ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിയിൽ ജീവനക്കാർക്കിടയിൽ അമർഷം പുകയുന്നു. അന്വേഷണ റിപ്പോർട്ട് തികച്ചും ബാലിശവും ജീവനക്കാരെ ബലിയാടാക്കുന്നതുമാണെന്നാണ് ജീവനക്കാർക്കിടയിൽ ഉയർന്നിട്ടുള്ള ആക്ഷേപം. നിയമത്തിലെ പാകപ്പിഴകൾ പരിഹരിക്കുന്നതിൽവന്ന കാലതാമസത്തിന് ജീവനക്കാരുടെ തലയിൽ കുറ്റം കെട്ടിവെക്കുകയാണെന്നും ഇവർ പറയുന്നു.
25 സെന്റിൽ താഴെയുള്ളവർക്ക് സൗജന്യമായി ഭൂമി തരംമാറ്റാം എന്ന് പറയുകയും നേരത്തേയുള്ള അപേക്ഷക്ക് ബാധകമല്ലായെന്ന് കാണിക്കുകയും ചെയ്തതുമൂലം പല അപേക്ഷകളും പരിഗണിക്കുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ടെന്നും സജീവന്റെ അപേക്ഷയിൽ പണം അടക്കാൻ നോട്ടീസ് നൽകിയിരുന്നതാണെന്നുമാണ് പറയുന്നത്. മാത്രമല്ല ഇത്തരം ഒരുത്തരവ് ഇറക്കുമ്പോൾ ആവശ്യത്തിന് ജീവനക്കാരുടെയും സാങ്കേതിക ഉപകരണങ്ങളുടെയും അഭാവം വലിയ പ്രശ്നമാണെന്നും ചൂണ്ടിക്കാണിക്കുന്നു.
ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ഭാഗം കാണാതെയുള്ള ശിക്ഷണ നടപടിയാണ് പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്. ഇതിനെതിരെ പണിമുടക്ക് ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാൻ ജീവനക്കാർ തയാറെടുക്കുകയാണെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.