സ്മാർട്ട് മീറ്റർ: എതിർപ്പുമായി സി.പി.എം അനുകൂല യൂനിയനുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കുമെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത വരുത്തണമെന്ന് കെ.എസ്.ഇ.ബിയിലെ സി.പി.എം അനുകൂല സർവിസ് സംഘടനകൾ സംയുക്തമായി ആവശ്യപ്പെട്ടു. കേന്ദ്രം നിർദേശിച്ച സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി വൈദ്യുതി ബോർഡിന്റെ റവന്യൂ പ്രവർത്തനങ്ങളിൽ പുറം കരാർ നൽകുന്നതും വിതരണ മേഖലയുടെ വിഭജനം ലക്ഷ്യംവെക്കുന്നതുമാണെന്ന് കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷനും (സി.ഐ.ടി.യു) കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷനും കുറ്റപ്പെടുത്തി.

കേന്ദ്ര സ്വകാര്യവത്കരണ പദ്ധതി പിന്‍വാതിലിലൂടെ നടപ്പാക്കുന്ന ഏത് ശ്രമത്തെയും എതിര്‍ക്കും. സ്വകാര്യവത്കരണം നടപ്പാക്കുന്ന മാർഗമായാണ് സ്മാർട്ട് മീറ്റർ വ്യാപനം ഉദ്ദേശിച്ചിരിക്കുന്നത്. ഈ സമീപനം ഇടത് മുന്നണിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. കേന്ദ്ര ഏജന്‍സിയായ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍ വഴി സ്മാർട്ട് മീറ്റർ നടപ്പാക്കുമെന്നാണ് വൈദ്യുതി മന്ത്രിയുടെ വിശദീകരണം. റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍ സ്മാർട്ട് മീറ്റർ നിർമിക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്നില്ല.

ടാറ്റ പവര്‍, റിലയന്‍സ് പവര്‍ അടക്കം സ്വകാര്യ കമ്പനികൾക്ക് പുറംകരാർ നൽകുന്ന ഏജൻസിയായാണ് ഇത് പ്രവർത്തിക്കുന്നത്. ഈ നടപടി വൈദ്യുതി മേഖലയുടെ റവന്യൂ വിഭാഗത്തെ വേര്‍പെടുത്തി സ്വകാര്യ ഏജന്‍സികള്‍ക്ക് കൊടുക്കലാണ്. കേന്ദ്രം നിർദേശിക്കുന്ന രൂപത്തില്‍ ഇത് കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല.

വൈദ്യുതി നിയമം ഭേദഗതി ചെയ്ത്, വിതരണം സ്വകാര്യ കമ്പനികളെ ഏല്‍പിക്കുമ്പോള്‍ അവര്‍ക്ക് പ്രവര്‍ത്തനസൗകര്യം ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുന്‍ ചെയര്‍മാന്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ട്രേഡ് യൂനിയനുകളും ഓഫിസര്‍ സംഘടനകളും അപ്പോള്‍തന്നെ ആശങ്ക അറിയിച്ചിരുന്നു. ട്രേഡ് യൂനിയനുകളും ഓഫിസര്‍ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി പറഞ്ഞിരുന്നെങ്കിലും നടന്നിട്ടില്ല.

സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ കെ.എസ്.ഇ.ബി തന്നെ നേരിട്ട് നടപ്പാക്കണം. അതിനുള്ള വിഭവശേഷി കെ.എസ്.ഇ.ബിക്കുണ്ട്. വൈദ്യുതി ബോര്‍ഡിനെ എല്‍.ഡി.എഫ് നയത്തിനനുസരിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും ഇരുസംഘടനകളും ആവശ്യപ്പെട്ടു.

Tags:    
News Summary - Smart meter oppose the privatization move through the back door

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.