പരപ്പനങ്ങാടി: എക്സൈസ് ജീവനക്കാർ എന്ന വ്യാജേന ബിവറേജസ് കടയിൽനിന്ന് മദ്യം വാങ്ങി വരുന്നവരെ ഭീഷണിപ്പെടുത്തി മദ്യവും പണവും തട്ടിയെടുക്കൽ പതിവാക്കിയ രണ്ടംഗ സംഘം പിടിയിൽ. തട്ടിയെടുത്ത മദ്യം മറിച്ച് വിൽപന നടത്തുന്നതിനിടയിലാണ് ഇവർ എക്സൈസിന്‍റെ പിടിയിലായത്.
കോഴിക്കോട് പുതിയങ്ങാടിയിലെ വലിയകത്ത് ഫാത്തിമ മൻസിലിൽ മഖ്ബൂൽ (55), കോഴിക്കോട് കസബ വില്ലേജിൽ വി. ലജീദ് (49) എന്നിവർ വള്ളിക്കുന്നിൽവെച്ചാണ് പരപ്പനങ്ങാടി റേഞ്ച് എക്സൈസ് ടീമിന്‍റെ പിടിയിലായത്. പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ നീക്കം നടത്തിയെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് ഒമ്പതു ലിറ്റർ മദ്യവും സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.
കുറച്ചു മാസങ്ങളായി രാമനാട്ടുകര, കൂട്ടുമൂച്ചി, കോട്ടക്കടവ് എന്നീ ബിവറേജസ് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ച് ഇവർ എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പലരിൽനിന്നും മദ്യവും പണവും തട്ടിയെടുക്കുന്നതായി പരാതി ലഭിച്ചിരുന്നതായി എക്സൈസ് അധികൃതർ വ്യക്തമാക്കി. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ടീം ഒരു മാസത്തോളമായി ഇവരെ ചുറ്റിപ്പറ്റി രഹസ്യാന്വേഷണം നടത്തിവരുന്നതിനിടയിലാണ് പിടിയിലായത്. പരപ്പനങ്ങാടി കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.