കൊച്ചി: 'നിങ്ങളെ എനിക്കൊരുപാടിഷ്ടമാണ്, അമൂല്യമായ കുറേ സമ്മാനങ്ങൾ തരാനാഗ്രഹിക്കുന്നു, ഞാൻ ഗിഫ്റ്റ്ഷോപ്പിലാണുള്ളത്, നിങ്ങൾക്കായി ഒരുപാട് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്...' ഫേസ്ബുക്കിലെ നേരിട്ടറിയാത്ത വിദേശ സുഹൃത്തുക്കളിൽനിന്ന് ഇത്തരം സന്ദേശങ്ങൾ ഇംഗ്ലീഷിൽ ലഭിച്ചെങ്കിൽ സൂക്ഷിച്ചോ, അവർ വലിയൊരു തട്ടിപ്പിലേക്കുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന്. വിദേശികളുടെ പ്രൊഫൈലുകളിൽനിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം ഫേസ്ബുക്കിൽ വ്യാപകമാണ്. ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിച്ച പലരും പന്തികേട് മണത്ത് ഇവരെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കുകയും ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. പണം നഷ്ടപ്പെട്ട് മാനക്കേട് മൂലം പുറത്തുപറയാത്തവരുമുണ്ട്.
നിങ്ങളുടെ മൊബൈൽ നമ്പറിൽ വലിയൊരു തുക സമ്മാനമടിച്ചിട്ടുണ്ട്, ഇത് ലഭിക്കാൻ ബാങ്ക് അക്കൗണ്ട് നമ്പർ ഉൾെപ്പടെ വ്യക്തിഗത വിവരങ്ങൾ തരൂ എന്നു പറഞ്ഞ് ഇടക്കിടെ എത്തുന്ന സന്ദേശങ്ങളുടെ പുതിയ രൂപമാണ് ഈ തട്ടിപ്പ്. ഫ്രണ്ട് റിക്വസ്റ്റ് അയച്ച്, സൗഹൃദസന്ദേശങ്ങളുമായി ഇൻബോക്സിെലത്തുകയും ഏറെ അടുപ്പം സ്ഥാപിക്കുകയും ചെയ്യുകയാണ് ആദ്യഘട്ടം. സ്നേഹത്തിെൻറയും കരുതലിെൻറയും ഭാഷയിലുള്ള സന്ദേശങ്ങൾ ചിലരെയെങ്കിലും കുടുക്കും. പുരുഷന്മാരോട് സ്ത്രീപേരുള്ളവരും സ്ത്രീകളോട് പുരുഷപേരുള്ളവരുമാണ് ഇത്തരത്തിൽ അഗാധബന്ധം ഉണ്ടാക്കുന്നത്. ദാനശീലരായ, 'വേദനിക്കുന്ന കോടീശ്വരൻ'മാരായിരിക്കും തട്ടിപ്പുകാരിൽ ഏറെ പേരും.
ഒരു സുപ്രഭാതത്തിൽ ഇവർ നമുക്ക് വിലപിടിപ്പുള്ള ഐ ഫോൺ, സ്വർണം, ലാപ്ടോപ്, വസ്ത്രങ്ങൾ തുടങ്ങിയവ സമ്മാനിക്കാൻ ആഗ്രഹിക്കും. സമ്മാനങ്ങളുടെ ചിത്രങ്ങൾവരെ ഇൻബോക്സിൽ കിട്ടും. എന്നാൽ, സമ്മാനം കേരളത്തിലെത്തിക്കാൻ ക്ലിയറൻസ് ഫീയായി വലിയൊരു തുക അക്കൗണ്ടിലേക്ക് അടക്കാൻ കെഞ്ചുമ്പോഴാണ് തട്ടിപ്പ് പലരും തിരിച്ചറിയുന്നത്. ദൈവവിശ്വാസം, ദാനധർമം എന്നിവയുടെ പേരിലും ചിലരെത്തും.ഇത്തരമൊരു മദാമ്മയുടെ തട്ടിപ്പ് കോഴിക്കോട് കുന്ദമംഗലെത്ത ശിൽപി റിയാസ് കൈയോടെ പൊളിച്ചത് ഫേസ്ബുക്കിൽ വൈറലായിരുന്നു. മലയാളികളുടെ ആഗോള ഗ്രൂപ്പിൽ പ്രേംജിത്ത് പുതുപ്പാടി എന്നയാൾ സമാനമായ തട്ടിപ്പു ശ്രമത്തെക്കുറിച്ച് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തു. വ്യാജസമ്മാനങ്ങളെ കുറിച്ച് കേരള പൊലീസ് ഔദ്യോഗിക പേജിലും മുന്നറിയിപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.