കൊച്ചി: സരിത എസ്. നായർ എഴുതിയ കത്ത് സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമീഷെൻറ പരിഗണനാവിഷയങ്ങളിൽ ഉൾപ്പെട്ടിരുന്നില്ലെങ്കിലും റിപ്പോർട്ടിൽ ഉൾപ്പെടുത്താനിടയായതെങ്ങനെയെന്ന് സർക്കാറിനോട് ഹൈകോടതി. സോളാർ കമീഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. സോളാർ തട്ടിപ്പ് കേസ് പരിഗണിക്കാൻ ശനിയാഴ്ച ഹൈകോടതി പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു.
കേസിൽ സർക്കാർ വാദം ശനിയാഴ്ച പൂർത്തിയായി. സർക്കാറിനുവേണ്ടി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ രഞ്ജിത് കുമാറാണ് ഹാജരായത്. സരിതയുടെ കത്ത് പരസ്യമായ ഒന്നാണെങ്കിലും സർക്കാർ അത് ഇടക്കിടെ ഉയർത്തുന്നത് ഹരജിക്കാരുടെ സ്വകാര്യതയെ ബാധിക്കില്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു. അഡീ. ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് എൻ.വി. രാജുവിന് മുന്നിൽ സരിത മൊഴി നൽകിയപ്പോൾതന്നെ ഉള്ളടക്കം മാധ്യമങ്ങളിൽ വന്നെന്നും സ്വകാര്യത സംബന്ധിച്ച ആരോപണങ്ങളിൽ കാര്യമില്ലെന്നും സർക്കാർ വാദിച്ചു. കമീഷൻ റിപ്പോർട്ട് സരിതയുടെ കത്ത് മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. മന്ത്രിസഭ തീരുമാനമനുസരിച്ചാണ് അന്വേഷണ കമീഷനെ നിയോഗിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് മന്ത്രിമാരടക്കമുള്ളവരുടെ മൊഴിയെടുത്തത്. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവെച്ച രേഖയാണ്. നിയമസഭയുടെ അധികാരങ്ങളിൽ ഇടപെടാൻ കോടതിക്ക് കഴിയില്ല. കമീഷെൻറ നടപടിക്രമങ്ങളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ കോടതിക്ക് ഇടപെടാമെന്നല്ലാതെ റിപ്പോർട്ടിെൻറ ഉള്ളടക്കം സംബന്ധിച്ച വിഷയത്തിൽ ഇത് സാധ്യമാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
കേസിലെ പ്രതിയായ സരിതയുടെ കത്ത് അടിസ്ഥാനപ്പെടുത്തി തയാറാക്കിയ കമീഷന്‍ റിപ്പോർട്ട് നിയമവിരുദ്ധവും തെൻറ മൗലികാവകാശങ്ങളുടെ ലംഘനവുമാെണന്നാണ് ഉമ്മൻ ചാണ്ടിയുടെ വാദം. റിപ്പോർട്ട് നിയമസഭയില്‍ വെച്ചത് വലിയ മാനഹാനിയുണ്ടാക്കി. റിപ്പോർട്ടും ഇേതതുടർന്നുള്ള അന്വേഷണവും റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഉമ്മൻ ചാണ്ടിയുടെ മറുപടി വാദം കേൾക്കാൻ ഏപ്രിൽ ഏഴിന് പ്രത്യേക സിറ്റിങ് നടത്തും. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉമ്മൻ ചാണ്ടിക്കുവേണ്ടി ഹാജരാകും. കക്ഷി ചേരാൻ വ്യക്തികളും സംഘടനകളും നൽകിയ ഹരജികൾ ഏപ്രിൽ ആറിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.