തൃശൂർ: തൃശൂർ പൂരത്തിലെ അനിഷ്ട സംഭവത്തിന് പിന്നിൽ പൊലീസ് മാത്രമല്ലെന്നും മറ്റ് ചിലരുണ്ടെന്ന് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്ന സാഹചര്യത്തിൽ സംശയിക്കുന്നുവെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാർ. രാഷ്ട്രീയ മുതലെടുപ്പിന് തൃശൂർ പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്. എല്ലാ രാഷ്ട്രീയത്തിലും ഉൾപ്പെട്ട ആളുകൾ ദേവസ്വങ്ങളിൽ ഉണ്ട്. പൂരത്തിനെയും ദേവസ്വങ്ങളെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അനുവദിക്കാനാവില്ലെന്നും ഗിരീഷ്‌കുമാർ പറഞ്ഞു.
കൊല്ലം: പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കമീഷ്ണർ വിചാരിച്ചാൽ മാത്രം ഇക്കാര്യം ചെയ്യാനാവില്ല. അതിന് പിന്നിൽ എ.ഡി.ജി.പി അജിത് കുമാറിന്‍റെ വ്യക്തമായ കൈകളുണ്ട്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ എന്നതുപോലെ, എ.ഡി.ജി.പി അത് ചെയ്തെങ്കിൽ പിണറായി വിജയനും അതിൽ പങ്കുണ്ട്. സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് പൂരം കലക്കിയത്. പൂരം നടന്ന ഒറ്റ രാത്രികൊണ്ടാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കപെട്ടത്. അതുവരെ താനും സുനിൽ കുമാറും തമ്മിലായിരുന്നു മൽസരമെന്നും മുരളീധരൻ പറഞ്ഞു. ചിത്രത്തിൽ പോലുമില്ലാതിരുന്ന സുരേഷ് ഗോപി മുന്നിലേക്ക് വന്നത് പൂരംസംഭവത്തിലൂടെയാണ് -മുരളീധരൻ വ്യക്തമാക്കി.
തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന് തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാർ. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കിയത്. പകൽ ഒരു പ്രശ്നവുമില്ലായിരുന്നെന്നും രാത്രി പൂരമാണ് നിർത്തിയതെന്നും സുനിൽ കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. എ.ഡി.ജി.പി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ല. അൻവർ പറഞ്ഞ വിവരമേ ഉള്ളൂ. പൂരം കലക്കിയത് യാദൃശ്ചികമായല്ല. പൊലീസിന് മാത്രമല്ല, പൂരത്തിന്റെ നടത്തിപ്പുകാർക്കും പങ്കുണ്ട്. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. രാത്രി ലൈറ്റ് ഓഫ് ചെയ്യാൻ ആരാണ് തീരുമാനിച്ചതെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.