കൊല്ലം: ഉത്രയുടെ ഭർത്താവ് സൂരജിെൻറ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അണലി, മൂർഖൻ എന്നിവയെക്കുറിച്ച് ഇൻറർനെറ്റിൽ പരതിയത് കണ്ടെത്തിയെന്ന് തിരുവനന്തപുരം സ്റ്റേറ്റ് സയൻസ് ലബോറട്ടറി സൈബർ വിഭാഗം അസി. ഡയറക്ടർ ഡോ. കെ.പി. സുനിൽ.
ഉത്ര വധക്കേസ് വിചാരണയിൽ ആറാം അഡീഷനൽ സെഷൻസ് ജഡ്ജി എം. മനോജ് മുമ്പാകെ സാക്ഷി മൊഴി നൽകുകയായിരുന്നു അദ്ദേഹം. മൊബൈൽ ഫോണിൽനിന്ന് ഒരു ലക്ഷത്തിലധികം വിവരം കണ്ടെടുത്തു.
രേഖകൾ പ്രകാരം ഉത്രയെ ആദ്യം പാമ്പ് കടിക്കുന്നതിനുമുമ്പ് അണലി സംബന്ധമായും പിന്നീട് മൂർഖൻ സംബന്ധമായും പരിശോധന നടത്തിയെന്ന് അദ്ദേഹം മൊഴി നൽകി. അണലിയുടെ കടിയേറ്റ് ചികിത്സക്ക് കൊണ്ടുചെന്ന തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടർമാരായ ഭുവനേശ്വരി, മാത്യു പുളിക്കൻ, സിറിൾ ജോസഫ് എന്നിവരെയും സാക്ഷികളായി വിസ്തരിച്ചു.
ഉത്രയെ അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്നപ്പോൾ നില ഗുരുതരമായിരുന്നെന്ന് ഡോ. ഭുവനേശ്വരി മൊഴി നൽകി. രാവിലെ ഒമ്പതിന് എന്തോ കടിച്ചെന്നും പതിനൊന്നോടെ വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ കാര്യമാക്കിയില്ലെന്നും വാഹനം കിട്ടാത്തത് കൊണ്ടാണ് കൊണ്ടുവരാൻ വൈകിയതെന്നും സൂരജ് പറഞ്ഞതായി അവർ മൊഴി നൽകി. 10 കുപ്പി ആൻറിവനം കൊടുത്തിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല. കൃത്യമായ ചികിത്സ നൽകിയതിനാലാണ് ഉത്ര അന്ന് രക്ഷപ്പെട്ടതെന്നും മൊഴി നൽകി.
പാമ്പ് കടിച്ച ഭാഗത്തെ പേശികളെയും വൃക്കയെയും വിഷം ഗുരുതരമായി ബാധിച്ചിരുന്നെന്ന് ഡോ. മാത്യു പുളിക്കൻ മൊഴി നൽകി. രാവിലെ എന്തോ കടിച്ചെന്ന് തോന്നി ഭർത്താവിനോട് പറഞ്ഞപ്പോൾ സാരമില്ലെന്ന് പറഞ്ഞെന്നും വേദന സഹിക്കാതെ രക്തം വന്നപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുവന്നതെന്നും ഉത്ര പറഞ്ഞതായി അദ്ദേഹം മൊഴി നൽകി.
കാലിലെ കടി കൊണ്ട ഭാഗത്തെ പേശികൾ നശിച്ചതിനാൽ അതു മുഴുവൻ മാറ്റിയ ശേഷം ഇടതുകാലിൽനിന്ന് തൊലിയെടുത്ത് ഗ്രാഫ്റ്റ് ചെയ്തെന്ന് ഡോ. സിറിൽ ജോസഫ് മൊഴി നൽകി. ശനിയാഴ്ച വിചാരണ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.