മോൻസൺ കേസിൽ പ്രത്യേക അന്വേഷണ സംഘം: ഹരജി 10 ദിവസത്തിനു ശേഷം പരിഗണിക്കും

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്ന ഹരജി ഹൈകോടതി 10 ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സഹായത്തോടെയാണ് തട്ടിപ്പു നടത്തിയതെന്നിരിക്കെ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്ന്​ കാട്ടി തട്ടിപ്പിനിരയായ കോഴിക്കോട്​ സ്വദേശി എം.ടി. ഷെമീർ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ മാറ്റിയത്.

വിദേശത്തേക്ക് പുരാവസ്തുക്കൾ നൽകിയതിന്‍റെ പണം ലഭിക്കാനുണ്ടെന്ന് പറഞ്ഞ് ഹരജിക്കാരനടക്കം അഞ്ചുപേരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തെന്നാണ് കേസ്. 2021 സെപ്​റ്റംബർ 30ന്​ ഇവർ നൽകിയ പരാതിയിൽ മോൻസണിനെതിരെ പൊലീസ് കേസെടുത്തു. തെളിവുകൾ നൽകിയിട്ടും ക്രൈംബ്രാഞ്ച് എസ്.പി നടപടിയെടുക്കുന്നില്ലെന്നും ഡി.ഐ.ജി സുരേന്ദ്രൻ, ഐ.ജി ജി. ലക്ഷ്‌മൺ, കെ. സുധാകരൻ എം.പി തുടങ്ങിയവരുടെ പങ്കിനെക്കുറിച്ച് പരാതി പറഞ്ഞെങ്കിലും നിജസ്ഥിതി അന്വേഷിക്കാൻ തയാറായില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു. ഹരജി നേരത്തേ പരിഗണിച്ചപ്പോൾ ക്രൈംബ്രാഞ്ചിനോട് അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിങ്കളാഴ്ച കേസ്​ പരിഗണിക്കവെ റിപ്പോർട്ട്​ സമർപ്പിക്കാൻ സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം തേടി.

മറ്റൊരു പരാതിയിൽ 2021 സെപ്​റ്റംബർ 25ന് മോൻസണെ അറസ്റ്റ്​ ചെയ്തിരുന്നു. ഇതിന്​ പിന്നാലെ മൂന്ന്​ പീഡന പരാതികളിലും അറസ്​റ്റ്​ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം പീഡനക്കേസുകളിലെ ജാമ്യഹരജി തള്ളുകയും ചെയ്​തിരുന്നു.

Tags:    
News Summary - Special Investigation Team in Monson case: Petition to be heard after 10 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.