തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഓഫിസുകളുടെ പ്രവർത്തന കാര്യക്ഷമത ഉറപ്പാക്കാന്‍ പ്രത്യേക പരിശോധനാസംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വകുപ്പിന് കീഴിലുള്ള രണ്ട് ദേശീയപാതകളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ 804.76 കോടി രൂപ അനുവദിച്ചതായും വാർത്തസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
നിലവിൽ വകുപ്പ് മേധാവികളാണ് പൊതുമരാമത്ത് ഓഫിസുകളുടെ പ്രവർത്തനം പരിശോധിക്കുന്നത്. പുതിയ പരിശോധനാവിഭാഗം വരുന്നതോടെ പ്രവർത്തനം മെച്ചപ്പെടുമെന്ന് മന്ത്രി പറഞ്ഞു. അടിമാലി-കുമളി പാത വികസനത്തിന് സ്ഥലം എടുക്കാൻ 350.75 കോടി രൂപയും ദേശീയപാത 766 ൽ കോഴിക്കോട് മലാപ്പറമ്പ്-പുതുപ്പാടി റോഡിന് സ്ഥലം എടുക്കുന്നതിന് 454.1കോടി രൂപയുമാണ് കേന്ദ്രം അനുവദിച്ചത്.
പണം അനുവദിച്ചതിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് നന്ദിയുണ്ട്. സംസ്ഥാന സർക്കാറിന്റെ പ്രധാന ആവശ്യമായിരുന്ന കൊടുവള്ളി, താമരശ്ശേരി ബൈപാസ് ആവശ്യവും അംഗീകരിച്ചിട്ടുണ്ട്. ദേശീയപാത 766ൽ 35 കിലോമീറ്റർ നവീകരിക്കുന്നതിനുള്ള പദ്ധതി നിർദേശമാണ് സമർപ്പിച്ചിരുന്നത്.
തിരുവനന്തപുരത്ത് ചീഫ് ആർക്കിടെക്ടിന്റെ ഓഫിസിൽ നടത്തിയ പരിശോധനയിൽ പഞ്ചിങ് സ്റ്റേറ്റ്മെന്റിലെ പോരായ്മകൾ ഉൾപ്പെടെ കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ പൊതുമരാമത്ത് സെക്രട്ടറിയോടും ആഭ്യന്തര വിജിലൻസ് സംഘത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.