പാലക്കാട്: പുതുവർഷം എത്തിയതോടെ വാളയാർ അതിർത്തി വഴി സ്പിരിറ്റ് കടത്ത് വർധിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന സ്പിരിറ്റിന്റെ ഇടത്താവളം കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി ജില്ലകളാണ്. ആന്ധ്ര, കർണാടക, തമിഴ്നാടിന്റെ ഇതര ജില്ലകൾ എന്നിവിടങ്ങളിൽനിന്ന് എത്തുന്ന സ്പിരിറ്റ് സുക്ഷിക്കുന്നത് ഈറോഡ്, സേലം, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ്. ഇവിടെ നിന്നാണ് ആവശ്യാനുസരണം സമയവും സന്ദർഭവും നോക്കി കേരളത്തിലേക്ക് സ്പിരിറ്റ് എത്തുന്നത്.
അതിർത്തി കടന്ന് കേരളത്തിലെത്തുന്ന സ്പിരിറ്റ് കൂടുതലും സൂക്ഷിക്കുന്നത് മറ്റ് ജില്ലകളിലാണ്. ദേശീയപാത വഴി സാധനം വളരെ വേഗം നിർദിഷ്ട സ്ഥലത്ത് എത്തിക്കാനും കഴിയും. കേരളത്തിലേക്ക് പ്രവേശിക്കുന്ന മറ്റ് അതിർത്തികളിൽ കൂടുതൽ വനമേഖല ഉൾപ്പെടുന്നതിനാൽ പരിശോധന കൂടുതലാണ്.
ഈ സാഹചര്യം മുതലെടുത്താണ് സ്പിരിറ്റ് ലോബി വാളയാർ വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്പിരിറ്റ് കടത്തുന്നത്. കഞ്ചിക്കോട്ടെ വ്യാവസായിക കേന്ദ്രങ്ങളിലേക്ക് വ്യാവസായിക സ്പിരിറ്റ് ആവശ്യമാണ്. ഇതിന്റെ മറവിലും സ്പിരിറ്റ് എത്തുന്നുണ്ട്.
പന, തെങ്ങ് എന്നിവയിൽ നിന്നും ലഭിക്കുന്ന ചെത്ത് കള്ളിന്റെ ഉൽപാദനം കുത്തനെ ഇടിഞ്ഞിട്ടും ഷാപ്പുകളിൽ കൃത്യമായി കള്ള് എത്തുന്നുണ്ട്. അതിർത്തി മേഖലയിലാണ് കലക്ക് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ജില്ലയിലെ പല പ്രദേശങ്ങളിലും വ്യാജ കള്ള് ഉൽപാദിപ്പിക്കാൻ പരിശീലനം ലഭിച്ച പ്രത്യേക സംഘങ്ങളുണ്ട്. ഒരിടത്തെ നിർമാണത്തിന് ശേഷം തൊട്ടടുത്ത കേന്ദ്രത്തിലേക്ക് വ്യാജ കള്ള് എത്തും.
കള്ള് നിർമാണത്തിന് രാസപദാർഥങ്ങൾ മുതൽ സ്പിരിറ്റ് വരെ എത്തിച്ചുനൽകാൻ പ്രത്യേക ഏജൻറുമാരുണ്ട്. വ്യാവസായിക ആവശ്യത്തിനുള്ള മെഥിലേറ്റഡ് സ്പിരിറ്റാണ് പലയിടത്തും ഉപയോഗിക്കുന്നതെന്ന് പറയുന്നു.
കള്ളുഷാപ്പുകളിലും ബാറുകളിലും വ്യാജൻ വിലസുമ്പോഴും അധികൃതർക്ക് മൗനം. സംസ്ഥത്തെ ഇതര ജില്ലകളിലേക്ക് കള്ള് യഥേഷ്ടം പോകുന്നത് ജില്ലയിൽ നിന്നാണ്. ഇത് ഒരിക്കലും സീൽ ചെയ്യാറില്ലെന്ന് എക്സൈസ് അധികൃതർ സമ്മതിക്കുന്നുണ്ട്. ജില്ലയിൽനിന്ന് തെക്കൻ ജില്ലകളിലേക്കുള്ള കള്ള് ദേശീയപാത അഞ്ചുമൂർത്തിമംഗലത്തും വടക്കൻ ജില്ലകളിലേക്കുള്ളത് പറളിയിലും രേഖപ്പെടുത്തിയാണ് കടത്തിവിടുന്നത്.
എന്നാൽ, രേഖപ്പെടുത്തുന്നതല്ലാതെ ശാസ്ത്രീയ പരിശോധനക്ക് സംവിധാനമില്ലെന്നാണ് വാഹനത്തിലെ ജീവനക്കാർ പറയുന്നത്. പല പ്രമുഖ ബ്രാൻറുകളിലും വ്യാജനാണത്രെ ഒഴുകുന്നത്. എക്സൈസ് രഹസ്യാന്വേഷണ വിഭാഗം ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടും പരിശോധന കാര്യക്ഷമമല്ലെന്ന് ആരോപണമുണ്ട്. എന്നാൽ പരിശോധനക്ക് എക്സൈസ് അധികൃതർ ശേഖരിക്കുന്ന സാമ്പിളിൽ അനുപാതം കൃത്യമാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.