ആലപ്പുഴ: ശ്രീകലയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ്. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കേസിൽ പ്രതികളായ സോമരാജൻ, പ്രമോദ്, ജിനു ഗോപി എന്നിവരെ ചോദ്യംചെയ്ത് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തണം. ഒന്നാംപ്രതി അനിൽകുമാറിന്റെ ഭാര്യ ശ്രീകലയെ കൊലപ്പെടുത്തിയ രീതി ഇനിയും പുറത്തുവന്നിട്ടില്ല. മൊഴിയുടെ അടിസ്ഥാനത്തിൽ ഭർതൃവീട്ടിലെ സെപ്റ്റിക് ടാങ്കിൽനിന്ന് ലഭിച്ച മൃതദേഹാവിഷ്ടങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്ക് അയച്ചു. കൊലപെടുത്താൻ ഉപയോഗിച്ച ആയുധവും കടത്താൻ ഉപയോഗിച്ച വാഹനവും കണ്ടെത്തണം. കുറ്റകൃത്യത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് ആറുദിവസം പ്രതികളെ വിട്ടുകൊടുത്തത്.
ഫോറൻസിക് പരിശോധനഫലം പുറത്തുവരുന്നതിന് മുമ്പ് കൂടുതൽ തെളിവുകൾ സമാഹരിക്കുന്നതിന് ആവശ്യമായ അന്വേഷണമാവും ഇനി നടക്കുക. പ്രതികളുടെ മൊഴികളിൽ ചില പോരായ്മകൾക്ക് ഉത്തരം കണ്ടെത്തണം. ഇതിൽ പ്രധാനം ഒന്നാംപ്രതി അനിൽകുമാറിനെ കിട്ടിയേ മതിയാകൂ. ഇസ്രായേലിൽ കഴിയുന്ന അനിലിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ചയും കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെയും വീട്ടുകാരുടെയും മൊഴി എടുത്തിരുന്നു. മൃതദേഹം കുഴിച്ചിട്ട അനിലിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. കൊലപാതകത്തിന്റെ ആസൂത്രണം, കൃത്യം നടത്തിയ സ്ഥലം, കുഴിച്ചിട്ടത് എവിടെ തുടങ്ങിയ കാര്യങ്ങൾ തെളിയിക്കുന്നതിനൊപ്പം കോടതിയിൽ ഹാജരാക്കാൻ ആവശ്യമായ തെളിവുകളും ശേഖരിക്കണം. ഇതാണ് പൊലീസ് നേരിടുന്ന പ്രധാനവെല്ലുവിളി. കൊലപാതകത്തിന് പിന്നിൽ ശ്രീകലയെക്കുറിച്ചുള്ള അനിലിന്റെ സംശയമാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ആലപ്പുഴ: ശ്രീകല വധക്കേസിലെ പ്രതികൾക്കു നേരേ ജനരോഷം. കോടതിയിൽ ഹാജരാക്കും മുമ്പ് വൈദ്യ പരിശോധനക്കായി ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ കൊണ്ടുവന്നപ്പോളാണ് അസഭ്യവര്‍ഷവുമായി ജനങ്ങൾ ഇരമ്പിയത്. രണ്ടു മുതൽ നാലുവരെ പ്രതികളായ സോമരാജൻ, പ്രമോദ്, ജിനു എന്നിവർക്കു നേരേയാണ് ആശുപത്രിയിലുണ്ടായിരുന്നവരും സംഭവമറിഞ്ഞെത്തിയവരും രോഷാകുലരായത്.
ശ്രീകലയുടെ മാതൃസഹോദരിയുടെ മകൾ എം. സിന്ധുമോൾ അലമുറയിട്ടാണ് ആശുപത്രിയിലേക്കു വന്നത്. ബന്ധുവായ സോമരാജൻ ഉൾപ്പെടെയുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്നറിഞ്ഞാണ് സിന്ധു അവിടേക്ക് ഓടിയെത്തിയത്. പ്രതികളുമായി പൊലീസ് വാഹനം എത്തിയ ഉടൻ ‘എടാ സോമാ എന്തിനിതു ചെയ്തു?, ഞങ്ങളുടെ വീട്ടിൽ അങ്ങളമാരുടെ തോളിൽ കൈയിട്ടു കയറിനടന്നവരല്ലേ നിങ്ങളൊക്കെ’ എന്ന് അലറി വിളിച്ചാണ് സിന്ധു വന്നത്. ഇവരെ വനിത പൊലീസ് മാറ്റി നിർത്തുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 2.15ഓടെ ആശുപത്രിയിൽ എത്തിച്ച പ്രതികളെ വൈദ്യ പരിശോധനക്കു ശേഷം 2.30ഓടെ കോടതിയിൽ ഹാജരാക്കി. കോടതി വളപ്പിലും നാട്ടുകാരും മാധ്യമ പ്രവർത്തകരുമടക്കം വലിയ ജനക്കൂട്ടമാണുണ്ടായിരുന്നത്. കോടതി നടപടികൾ പൂർത്തിയാക്കി വൈകീട്ട് അഞ്ചോടെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ആലപ്പുഴ: രണ്ട് സമുദായത്തിൽപെട്ട കലയും അനിലും വിവാഹിതരായത് പ്രണയിച്ചായിരുന്നു. അത് കൊലപാതകത്തിൽ കലാശിക്കുമെന്ന് കലയുടെ ബന്ധുക്കൾ ഇപ്പോഴും വിശ്വസിക്കുന്നില്ല. നാടുവിട്ടുപോയ കല തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. 2006ലായിരുന്നു വിവാഹം. അനിലിന്റെ ബന്ധുക്കൾക്ക് വിവാഹത്തിൽ താൽപര്യമില്ലാതിരുന്നതിനാൽ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനുശേഷം അനിൽ വിദേശത്ത് ജോലിക്കുപോയി. എന്നാൽ, ശ്രീകലക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് ചിലർ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വഴക്കിനെത്തുടർന്ന് ശ്രീകല വീട്ടിലേക്ക് തിരികെപ്പോകാൻ തുനിഞ്ഞപ്പോൾ മകനെ തനിക്ക് വേണമെന്ന് അനിൽ ആവശ്യപ്പെട്ടു.
പിന്നീട് നാട്ടിലെത്തിയ അനിൽ കലയുമായി സംസാരിക്കുകയും കാർ വാടകക്കെടുത്ത് കൂട്ടികൊണ്ടുപോയി കലയെ സുഹൃത്തുക്കളുടെ സഹായത്തോടെ ശ്വാസംമുട്ടിച്ച് കൊലപെടുത്തി മൃതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിടുകയായിരുന്നു. കല മറ്റൊരാള്‍ക്കൊപ്പം ജീവിക്കുന്നതായി പ്രചരിപ്പിച്ചാണ് ഭര്‍ത്താവ് അനില്‍ 15 വര്‍ഷത്തോളം കൊലപാതകം ഒളിപ്പിച്ചത്. 2009ലാണ് കേസിനാസ്പദമായ സംഭവം. ശ്രീകലയെ കാണാതായെന്ന് കാണിച്ച് ഭർത്താവ് അനിൽകുമാറാണ് പൊലീസിൽ പരാതി നൽകിയത്. കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നായിരുന്നു മൊഴി. ഇത് പിന്നീട് സത്യമെന്നോണം നാട്ടിലുടനീളം പ്രചരിച്ചു. ഇതോടെ തിരോധാനക്കേസിലെ അന്വേഷണവും അവസാനിച്ചു. അന്ന് ശ്രീകലയുടെ കുടുംബം പരാതി നൽകിയിരുന്നില്ല. വർഷങ്ങൾക്കിപ്പുറം ഊമക്കത്തിലൂടെ പൊലീസിന് വിവരങ്ങൾ കിട്ടിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.