തിരുവനന്തപുരം: പ്രതിമ അനാവരണ ചടങ്ങിൽ നിന്ന് ഒഴിവാക്കിയെന്ന് സി.പി.ഐ. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, സി.ദിവാകരൻ എം.എൽ.എ എന്നിവരെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയെന്നാണ് ആക്ഷേപം. ഇത്തരം നടപടികൾ ജനാധിപത്യ സമൂഹത്തിന് ഭൂഷണണമല്ലെന്ന് സി.പി.ഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇത്തരം അവഗണനകൾ ആവർത്തിക്കുന്നുവെന്നാണ് സി.പി.ഐയുടെ പരാതി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കെട്ടിടങ്ങളുടേയും ലൈഫ് മിഷൻ പദ്ധതി കെട്ടിടങ്ങളുടേയും ഉദ്ഘാടനങ്ങൾക്കും പാർട്ടി നേതാക്കളെയും ജനപ്രതിനിധികളേയും ഒഴിവാക്കുന്ന സമീപനമാണ് സ്വീകരിച്ചത് എന്നാണ് സി.പി.ഐയുടെ പരാതി.
'നമുക്ക് ജാതിയില്ല' വിളംബരത്തിന്‍റെ നൂറാം വാർഷിക സ്മരണക്കായി സംസ്ഥാന സർക്കാർ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്‍റെ പ്രതിമ ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അനാവരണം ചെയ്തത്. മ്യൂസിയത്തിന് സമീപം ഒബ്‌സർവേറ്ററി ഹിൽസിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. 1.19 കോടി രൂപ ചെലവിൽ സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിച്ചത്. സർക്കാരിന്‍റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ആദ്യത്തെ ഗുരുദേവ പ്രതിമയാണിത്. പൂന്തോട്ടവും സന്ദർശകർക്കായി ഇരിപ്പിടവും ഇതോടൊപ്പം ഒരുക്കും.
സി.പി.ഐ പ്രസ്താവന
കേരള നവോത്ഥാനത്തിന്റെ മുൻനിര നായകനായിരുന്ന ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ തലസ്ഥാനത്ത് ഇന്ന് അനാച്ഛാദനം ചെയ്യപ്പെടുകയാണ്. ഗുരുദേവൻ ഉയർത്തി പിടിച്ച ആശയങ്ങൾ ആധുനിക കേരളത്തിൽ പ്രാവർത്തികമാക്കുന്നതിനുളള മുൻകൈ പ്രവർത്തനങ്ങൾ നടത്തിയ പ്രസ്ഥാനമാണ് സി.പി.ഐ യും പാർട്ടി ഉൾപ്പെട്ട ഗവൺമെൻ്റുകളും. എന്നാൽ സർക്കാർ പരിപാടികളിൽ സി.പി.ഐ ജനപ്രതിനിധികളെ ഒഴിവാക്കുന്ന പതിവുശീലം ഇക്കാര്യത്തിലും ആവർത്തിക്കപ്പെട്ടിരിക്കുകയാണ്. ഡെപ്യൂട്ടി സ്പീക്കർ വി.ശശി, മുൻ മന്ത്രിയും സി.പി.ഐ നേതാവായ സി ദിവാകരൻ എം എൽ എ ഉൾപ്പടെയുള്ള സി.പി.ഐ ജനപ്രതിനിധികളെ ബോധപൂർവം ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പുതിയ എമർജൻസി മന്ദിരത്തിന്റെയും ലൈഫ് മിഷൻ പദ്ധതി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിലും ജില്ലയിൽ വിവിധ തലങ്ങളിൽ ജനപ്രതിനിധികൾ ഉണ്ടായിട്ടും സി.പി.ഐ ജനപ്രതിനിധികളെ ഉൾപ്പെടുത്താതെ അവഗണിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്.
ഏകപക്ഷീയമായ ഇത്തരം നിലപാടുകൾ ജനാധിപത്യ വ്യവസ്ഥയിൽ ഗുണകരമല്ലെന്നും ബന്ധപ്പെട്ടവർ ഓർമിക്കേണ്ടതാണ്.
ഗുരുവിന്റെ ദർശനങ്ങൾ ഉയർത്തി പിടിച്ച് നവീന കേരളം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി യാണെന്നുളത് ചരിത്രം അടയാള പെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.