കലക്ടർ പദവി വേണ്ടായിരുന്നു എന്ന് അയാൾക്ക് തോന്നണം, ശ്രീറാം ചെല്ലുന്നേടുത്തെല്ലാം ബഷീറിനെ ഓർക്കണം; വൈറലായി കുറിപ്പ്

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ മദ്യപിച്ച് കാറിലെത്തി ഇടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരമനെ ആലപ്പുഴ ജില്ലാ കലക്ടർ ആയി നിയമിച്ചിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. ശ്രീറാം തൽസ്ഥാനത്ത് എത്തുന്നതിനെതിരെ കോൺഗ്രസ് അടക്കം നിരവധി പാർട്ടികളും സംഘടനകളും എതിർത്ത് രംഗത്തെത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിലും പ്രതിഷേധം വ്യാപകമാണ്. നിലവിൽ ശ്രീറാമി​ന്റെ നിയമനം സംബന്ധിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കിട്ടിരിക്കുന്നത് സി.പി.എം സഹയാത്രികനും സാമൂഹ്യനിരീക്ഷകനുമായ എൻ.ഇ സുധീർ ആണ്. കലക്ടർ പദവി വേണ്ടായിരുന്നു എന്ന് തോന്നുംവിധം ശ്രീറാം വെങ്കിട്ടരാമൻ പ​ങ്കെടുക്കുന്ന പരിപാടികളിൽ കൊല്ലപ്പെട്ട ബഷീറിനെ കുറിച്ചുള്ള സ്മരണകൾ നിലനിർത്തണം എന്നാണ് സുധീർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിൽനിന്ന്:

ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കലക്ടറായതുമായി ബന്ധപ്പെട്ട വിവാദം ശ്രദ്ധിക്കുകയായിരുന്നു. സിവിൽ സർവീസ് ചട്ടമനുസരിച്ച് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ കലക്ടർ തസ്തികയിൽ നിർബന്ധമായും ഇത്രകാലം പ്രവർത്തിച്ചിരിക്കണം എന്നുണ്ടാവാം. (കൃത്യമായി അറിയില്ല. അങ്ങനെ മുമ്പൊരിക്കൽ കേട്ടിട്ടുണ്ട്). ആ നിലപാടിലാവാം സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാൽ അയാൾക്കതൊരു ശിക്ഷയായി മാറാനാണ് സാധ്യത. പൊതുജന സമ്പർക്കം കുറഞ്ഞ എന്തെങ്കിലും തസ്തികയിൽ തുടരുകയായിരുന്നുവെങ്കിൽ ഈ പുകിലൊന്നും അദ്ദേഹത്തിന് ഉണ്ടാവുമായിരുന്നില്ലല്ലോ.

അദ്ദേഹം ചെയ്ത കുറ്റം വീണ്ടും ഈ രീതിയിൽ വീണ്ടും ചർച്ചയാവുമായിരുന്നുമില്ല. ആ വഴിക്ക് ചിന്തിക്കുമ്പോൾ ഇത് സർക്കാർ / മേലുദ്യോഗസ്ഥർ മന:പൂർവ്വം ചെയ്തതാണോ എന്നുപോലും സംശയിക്കാവുന്നതാണ്. കലക്ടർ പദവി തിരുംവരെ അദ്ദേഹം ഈ രീതിയിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും. ഓരോ ചടങ്ങിലും കാണികൾ മനസ്സുകൊണ്ടെങ്കിലും കലക്ടറിലെ കുറ്റവാളിയെ ഓർത്തു കൊണ്ടിരിക്കും. അതാണ് സാമൂഹ്യ മാധ്യമങ്ങൾ ചെയ്യേണ്ടത്. ജനങ്ങളിൽ ആ ഓർമ്മ നിലനിർത്തണം. വിദ്യാർത്ഥികൾ പോലും കളിയാക്കുന്ന അവസ്ഥയുണ്ടാവണം. മാധ്യമ പ്രവർത്തകർക്ക് കാണുമ്പോഴൊക്കെ കേസിനെപ്പറ്റി കലക്ടറോട് ചോദിക്കുകയുമാവാം. കലക്ടർ പൊതുചടങ്ങുകൾ ഒഴിവാക്കുന്ന സാഹചര്യം ഉണ്ടാവണം.

അയാൾ ചെല്ലുന്നേടുത്തെല്ലാം കെ.എം ബഷീറിന്റെ സ്മരണ നിലനിർത്തണം. ഇപ്പോൾ അയാളിളില്ലാത്തത് കുറ്റബോധമാണ്. സമൂഹം വിചാരിച്ചാൽ അയാളിലതുണ്ടാക്കാൻ കഴിയും. കുറ്റബോധം കൊണ്ട് എനിക്കിതു വേണ്ടായിരുന്നു എന്ന് (കലക്ടർ പദവി )അയാൾക്കു തന്നെ തോന്നണം. അങ്ങനെ സംഭവിച്ചാൽ അതൊരുതരം ജനകീയശിക്ഷ നടപ്പാക്കലായി മാറും. എല്ലാ കാര്യത്തിനും സർക്കാറിനെ തന്നെ ആശ്രയിക്കണമെന്നില്ലല്ലോ. നിയമം അതിന്റെ വഴി തുടരട്ടെ. അവിടെ ശിക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ മാധ്യമ ലോകം ജാഗ്രത പുലർത്തിയാൽ മതി. സത്യത്തിൽ ഇതിനെ വീണു കിട്ടിയ ഒരവസരമായി കരുതാവുന്നതാണ്. ഭാവിയിൽ ഇത്തരം കുറ്റങ്ങൾ ചെയ്യാനിടയുള്ള ഉദ്യോഗസ്ഥർക്ക് ഒരു താക്കീതും.

Tags:    
News Summary - sreeram venkataraman alappuzha collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.