ആലപ്പുഴ: ശ്രീകല കൊലക്കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കൽ പൊലീസിന് വലിയ വെല്ലുവിളിയാണെന്ന് ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു. ജൈവമാലിന്യ ടാങ്കിൽ 15 വർഷം എല്ലുകൾ ശേഷിക്കാൻ സാധ്യതയില്ല. കുഴിച്ചിട്ട മൃതദേഹം പോലെയല്ല ടാങ്കിലിട്ട ശരീരമെന്നും എല്ലുകൾ നശിക്കുമെന്നും ഷേർളി വാസു വ്യക്തമാക്കി.
ശ്രീകലയുടെ കേസിൽ ഡി.എൻ.എ സാംപിൾ കണ്ടെത്തലും എളുപ്പമാകില്ല. മണ്ണിൽ എല്ലുകൾ ദ്രവിച്ചാലും കൊഴുപ്പ്, മുടി എന്നിവ ഏറെനാൾ നിലനിൽക്കും. മുഴുവൻ പ്രതികളും കുറ്റം ചെയ്തെന്ന് അംഗീകരിക്കില്ല. ഇതിൽ ഒരാൾ ശരിയായ വിവരം നൽകുകയും മാപ്പുസാക്ഷിയാവുകയും ചെയ്യുമെന്നാണ് സമൂഹം പ്രതീക്ഷിക്കുക.
ഇന്ത്യൻ നിയമത്തിൽ മൃതദേഹവും പോസ്റ്റ്മോർട്ടവും വേണമെന്നില്ലെന്നും ദൃക്സാക്ഷിയുടെ മൊഴിക്കാണ് ശാസ്ത്രീയ തെളിവിനെക്കാൾ നിയമസാധുതയുള്ളതെന്നും ഷേർളി വാസു വ്യക്തമാക്കി.
അതേസമയം, ശ്രീകലയുടെ മൃതദേഹം മറവുചെയ്ത ഭർതൃവീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് കിട്ടിയ മുടി, മുടിപ്പിൻ, ടാഗ്, മാലയെന്ന് തോന്നിക്കുന്ന വസ്തു എന്നിവ പൊലീസ് ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ട പ്രതികളുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. യുവതിയെ കൊണ്ടുപോയ കാറും ആയുധവും കണ്ടെത്തുന്നതിന്‍റെ ഭാഗമാണ് തെളിവെടുപ്പ്.
15 വർഷം മുമ്പ് കാണാതായ ശ്രീകലയെ (കല) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിലിന്‍റെ ബന്ധുക്കളായ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. അനിലിന്‍റെ സഹോദരീഭർത്താവ് ചെന്നിത്തല തൃപ്പെരുന്തുറ ഇരമത്തൂർ കണ്ണമ്പള്ളിൽ കെ.ആർ. സോമരാജൻ (56), ബന്ധുക്കളായ ഇരമത്തൂർ കണ്ണമ്പള്ളിൽ കെ.സി. പ്രമോദ് (40), ഇരമത്തൂർ ജിനുഭവനം ജിനു ഗോപി (48) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീകലയെ അനിൽകുമാർ കൊലപ്പെടുത്തിയത് അവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിലാണെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രതികളുടെ കുറ്റസമ്മതമൊഴിലൂടെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. അനിലാണ് ഒന്നാംപ്രതി. ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനു, സോമരാജൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികൾ. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
2009ലാണ് കേസിനാസ്പദമായ സംഭവം. വിനോദയാത്രയാണെന്ന് പറഞ്ഞ് ശ്രീകലയെ അനിൽ എറണാകുളത്തേക്ക് വിളിച്ചു വരുത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ബന്ധുക്കളായ പ്രതികളെയും കൂട്ടി മാന്നാറിന് സമീപത്തെ വലിയ പെരുമ്പുഴ പാലത്തിൽവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മാരുതി കാറിൽ കൊണ്ടുപോയി മറവുചെയ്ത് തെളിവുകൾ നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.