തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായി. ജൂൺ 24നകം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ക്യാമ്പാണ് രണ്ടു ദിവസം മുമ്പ് പൂർത്തിയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55ൽ ഒന്നൊഴികെയുള്ള ക്യാമ്പുകൾ മൂല്യനിർണയം പൂർത്തിയാക്കി അവസാനിപ്പിച്ചിരുന്നു. ശേഷിച്ചിരുന്ന മലപ്പുറം താനൂരിലെ ക്യാമ്പാണ് തിങ്കളാഴ്ച പൂർത്തിയായത്.
മൂല്യനിർണയത്തിന് സമാന്തരമായി ആരംഭിച്ച ടാബുലേഷൻ ജോലികളും അവസാന ഘട്ടത്തിലാണ്. കോവിഡ് കാരണം വൈകി നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളുടെ മൂല്യനിർണയമാണ് വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി പൂർത്തിയാക്കിയത്. ഇൗ മൂന്ന് വിഷയങ്ങൾക്കുമായി എല്ലാ ജില്ലകളിലും മൂല്യനിർണയ ക്യാമ്പ് ഒരുക്കിയിരുന്നു. അധ്യാപകർ കുറവുള്ള ക്യാമ്പുകളിൽ ആവശ്യമായവരെ നിയമിക്കാൻ ഡി.ഇ.ഒമാർക്ക് ചുമതല നൽകിയിരുന്നു. അധ്യാപകർ സമയബന്ധിതമായി മൂല്യനിർണയത്തിൽ സഹകരിച്ചതോടെയാണ് നിശ്ചയിച്ചതിലും നേരത്തേ മൂല്യനിർണയം പൂർത്തിയാക്കാനായത്. പരീക്ഷ ഭവനിൽ മാർക്കിെൻറ അവസാനവട്ട പരിശോധനക്ക് അഞ്ചുദിവസം വേണ്ടിവരും.
ഇതിനു ശേഷം അന്തിമഫലം തയാറാക്കി പാസ്ബോർഡ് യോഗം ചേർന്നാണ് ഫലപ്രഖ്യാപന തീയതി തീരുമാനിക്കുക. ജൂൺ അവസാനത്തിലോ ജൂലൈ ആദ്യത്തിലോ ഫലം പ്രസിദ്ധീകരിക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ പ്രതീക്ഷ. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയുടെ മൂല്യനിർണയവും അവസാനഘട്ടത്തിലാണ്. ജൂലൈ ആദ്യത്തിൽ ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.