കൊച്ചി: സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തുടർനടപടികളിെല സ്റ്റേ ഹൈകോടതി ഏപ്രിൽ എട്ടുവരെ നീട്ടി. ഹരജി തീർപ്പാകുംവരെ കോടതിയുടെ അംഗീകാരമില്ലാതെ സ്ഥിരപ്പെടുത്തല്‍ ഉത്തരവിറക്കുകയോ നടപ്പാക്കുകയോ ചെയ്യരുതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിർദേശിച്ചു. സി ഡിറ്റിൽ 114 പേരെ സ്ഥിരപ്പെടുത്തിയ ഫെബ്രുവരി നാലിലെ ഉത്തരവടക്കം 10 സ്ഥാപനങ്ങളിലേക്കുള്ള സ്ഥിര നിയമന നടപടികൾ ചോദ്യംചെയ്ത് അടൂർ സ്വദേശി എസ്. വിഷ്ണു ഉൾപ്പെടെ പി.എസ്.സി റാങ്ക് പട്ടികയിലുൾപ്പെട്ട ആറ് ഉദ്യോഗാർഥികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സ്ഥിരപ്പെടുത്തലിലെ തുടർനടപടികൾ നീട്ടിവെക്കണമെന്നും തൽസ്ഥിതി തുടരണമെന്നും മാർച്ച് നാലിന് ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഇതിലെ സ്റ്റേയാണ് വീണ്ടും നീട്ടിയത്. സ്പെഷൽ റൂൾസ് പ്രകാരമാണോ ഉത്തരവിറക്കിയതെന്നതടക്കം വ്യക്തമാക്കി സത്യവാങ്മൂലം നല്കാന് എതിർകക്ഷികളായ സര്‍ക്കാറിനും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നിർദേശം നൽകിയ കോടതി ഹരജി ഏപ്രില്‍ എട്ടിലേക്ക് മാറ്റി. സി ഡിറ്റിലേത് കൂടാതെ കെൽട്രോൺ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡ്, കെ ബിപ്, നാഷനൽ കയർ റിസർച് ആൻഡ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട്, സ്കോൾ കേരള, ഹോർട്ടികോർപ്, സംസ്ഥാന വനിത കമീഷൻ, കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെൻറൽ സെൻറർ തുടങ്ങിയ സ്ഥാപനങ്ങളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ പുറപ്പെടുവിച്ച ഉത്തരവുകളാണ് ഹരജിക്കാർ ചോദ്യംചെയ്തത്. സ്ഥിര നിയമനത്തിനുള്ള നടപടിക്രമങ്ങൾ പാലിക്കാതെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാറിന് അധികാരമില്ലെന്ന ഉമാദേവി കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരുടെ വാദം. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവിന് വിരുദ്ധമായി താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുന്നത് കഴിഞ്ഞ ദിവസം മറ്റൊരു ഹരജിയിൽ ഡിവിഷന് ബെഞ്ച് തടഞ്ഞതായി ഹരജിക്കാര്‍ ബോധിപ്പിച്ചു.
താൽക്കാലിക്കാരെ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കും മുമ്പ് അതിനാധാരമായ വസ്തുതകള്‍ സര്‍ക്കാര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയോയെന്ന് കോടതി ചോദിച്ചു. ഇതുസംബന്ധിച്ച രേഖ ഹാജരാക്കാനും നിർദേശിച്ചു. ഹരജിയില്‍ ഉന്നയിക്കുന്ന തസ്തികകള്‍ ഒന്നും പി.എസ്.സി.ക്ക് വിട്ടതല്ലെന്നും വസ്തുതകളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സർക്കാർ മറുപടി നൽകി. വകുപ്പുകളില്‍നിന്ന് വിശദാംശം ആരാഞ്ഞശേഷം രേഖകളെല്ലാം സമര്‍പ്പിക്കാമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.