തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്തെവിടെയും ഓടാൻ കഴിയും വിധം ‘സ്റ്റേറ്റ് വൈഡ്’ പെർമിറ്റ് അനുവദിക്കുന്ന കാര്യം മോട്ടോർ വാഹനവകുപ്പിന്റെ പരിഗണനയിൽ. നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതിനുള്ള സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) 10ന് ചേരുന്ന യോഗം വിഷയം പരിഗണിക്കും.
ഓട്ടോറിക്ഷ മേഖലയിലെ സി.ഐ.ടി.യുവിന്റെ അപേക്ഷ പരിഗണിച്ചാണ് എസ്.ടി.എ യോഗ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയത്. നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോറിക്ഷകൾ ഓടാൻ പെർമിറ്റ് ലഭിക്കുന്നത്. ഇതോടൊപ്പം സമീപ ജില്ലയിൽ 20 കിലോമീറ്റർ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും.
സാങ്കേതിക സൗകര്യം ഒട്ടുമില്ലാത്ത പഴയകാല ഓട്ടോറിക്ഷകൾ നിരത്തിലുണ്ടായിരുന്ന കാലത്താണ് പെർമിറ്റുകൾ ജില്ല അടിസ്ഥാനത്തിൽ പരിമിതപ്പെടുത്തിയത്. ഇപ്പോഴുള്ള ഓട്ടോകളെല്ലാം അത്യാധുനിക സംവിധാനങ്ങളുള്ളതാണെന്നും ഈ സാഹചര്യത്തിൽ പെർമിറ്റ് സംസ്ഥാന അടിസ്ഥാനത്തിലാക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. പഴയകാല ഓട്ടോറിക്ഷകളിൽ ഡ്രൈവറുടെ സീറ്റിന് താഴെയായാണ് എൻജിൻ. ഒരു മണിക്കൂർ ഓടുമ്പോഴേക്കും എൻജിൻ ചൂടാവുകയും വാഹനം നിർത്തി ഇടേണ്ടി വരുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് അന്ന് അതത് ജില്ലകളിൽ പെർമിറ്റ് പരിമിതപ്പെടുത്തിയത്. ഇപ്പോഴിറങ്ങുന്ന ഓട്ടോകൾ തുടർച്ചയായി എട്ടു മണിക്കൂർ വരെ ഓടിക്കാൻ കഴിയുമെന്ന് തൊഴിലാളികൾ പറയുന്നു.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാപ്പിക്കുന്നതിന്റെ പേരിൽ ഇ-ഓട്ടോറിക്ഷകൾ പെർമിറ്റ് ഒഴിവാക്കിയിരുന്നു. പക്ഷേ, ഇവർക്കും ജില്ലകളിൽ മാത്രമാണ് ഓടാൻ അനുമതി. ഔദ്യോഗിക അജണ്ടയായാണ് വിഷയം എസ്.ടി.എ യോഗത്തിലേക്കെത്തുന്നത്. അതുകൊണ്ട് മറ്റ് എതിർപ്പുകളില്ലെങ്കിൽ പാസാകാനാണ് സാധ്യത.
സംസ്ഥാനാടിസ്ഥാനത്തിലുള്ള പെർമിറ്റിന് തടസ്സമുണ്ടെങ്കിൽ അയൽ ജില്ലകളിൽ 30-40 കിലോമീറ്റർ വരെ ഓടാൻ അനുവദിക്കണമെന്ന ആവശ്യവും രേഖാമൂലം എസ്.ടി.എയുടെ മുന്നിലുണ്ട്. പെർമിറ്റ് കൂടുതൽ ഉദാരമാകുന്നതോടെ ദീർഘദൂരത്തേക്കുള്ള ഓട്ടങ്ങൾ ലഭിക്കുമെന്നതാണ് തൊഴിലാളികൾക്ക് മുന്നിലുള്ള പ്രതീക്ഷ. ഈ അജണ്ടക്ക് പുറമേ, ടൂറിസ്റ്റ് ബസുകളുടെ വെള്ളം നിറം മാറ്റൽ, ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ നിറം ഏകീകരിക്കൽ എന്നിവയും എസ്.ടി.എ യോഗത്തിന്റെ അജണ്ടയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.