റമ്മികളിയും പ്രവചന ഗെയിമും എം.പി.എല്ലും അടക്കമുള്ള ഓൺലൈൻ ഗെയിമിെൻറ നീരാളിപ്പിടിത്തത്തെ കുറിച്ച് 'മാധ്യമം' നടത്തുന്ന അന്വേഷണ പരമ്പരയുടെ അവസാന ഭാഗം
ശീട്ടുകളി നിയമവിരുദ്ധമല്ല. എന്നാൽ പണംവെച്ചുള്ള കളി നിയമവിരുദ്ധമാണ്. അതിൽ ചൂതാട്ടമുണ്ട്. 1867ലെ പബ്ലിക് ഗാംബ്ലിങ് ആക്ട് അനുസരിച്ച് ചൂതാട്ട േകന്ദ്രം നടത്തിപ്പോ ചുമതലയോ വഹിക്കുന്നത് കുറ്റകരമാണ്. നിയമം ലംഘിച്ചാൽ 200 രൂപ പിഴയോ മൂന്നു മാസംവരെ തടവോ ലഭിക്കാം. ചൂതാട്ട കേന്ദ്രങ്ങൾ സന്ദർശിച്ചാൽ 100 രൂപ പിഴയോ ഒരു മാസംവരെ തടവോ ലഭിക്കാം.
ഭരണഘടന നിലവിൽ വരുംമുേമ്പ, ഇന്ത്യയിലെ ചൂതാട്ടത്തിന് തടയിട്ടത് 1867ലെ പബ്ലിക് ഗാംബ്ലിങ് ആക്ട് ആണ്. ഇന്നും ഗെയിമുകളുമായി ബന്ധപ്പെട്ട കേസുകൾ വരുേമ്പാൾ കോടതികൾ ആധാരമാക്കുന്നത് ഈ നിയമമാണ്. ഭരണഘടന പ്രാബല്യത്തിലായശേഷം വാതുവെപ്പും ചൂതാട്ടവും സംബന്ധിച്ച നിയമനിർമാണ അധികാരം സംസ്ഥാനങ്ങൾക്കായി.
മിക്ക സംസ്ഥാനങ്ങളും ചില ഭേദഗതികളോടെ 1867ലെ പബ്ലിക് ഗാംബ്ലിങ് ആക്ടിെൻറ തത്ത്വങ്ങൾ സ്വീകരിച്ച് നിയമങ്ങളും നടപടികളും കൈക്കൊള്ളുന്നുണ്ട്.
കേരളത്തിലടക്കം സംസ്ഥാന നിയമങ്ങളുടെ മറപറ്റിയാണ് ചൂതാട്ടം വളരുന്നത്. 2019ലെ രാമചന്ദ്രൻ. കെ വേഴ്സസ് ദ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് എന്നകേസിൽ 1960ലെ കേരള ഗെയിമിങ് ആക്ട് പ്രകാരം ഓഹരിക്കായി റമ്മി കളിക്കുന്നത് കുറ്റകരമാണെന്ന് വിലയിരുത്തിയ കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഓരോ കേസിെൻറയും സ്വഭാവം നോക്കി തീരുമാനമെടുക്കാമെന്നും വിധിച്ചിട്ടുണ്ട്. 1960ലെ കേരള ഗെയിമിങ് ആക്ട് പണംവെച്ചുള്ളതും ലാഭമുണ്ടാക്കുന്നതുമായ കളികൾ നിരോധിച്ചിട്ടുണ്ട്. പേക്ഷ, ഓൺലൈൻ ചൂതാട്ടം ഇതിെൻറ പരിധിയിൽ വരുന്നില്ല.
ഓൺലൈൻ ഗെയിമുകളിൽ നിശ്ചിത തുക നിങ്ങളുടെ യൂസർ അക്കൗണ്ടിൽ വേണമെന്നുപറഞ്ഞിട്ടും ഇത്ര തുക ഈടാക്കുമെന്നോ അതെടുത്ത് ഉപയോഗിക്കുമെന്നോ പറയുന്നില്ല. എന്നാൽ കളിക്കാരെൻറ അനുമതി കൂടാെത കൈവശമുള്ള പണം എടുക്കുകയാണെന്ന് കോഴിക്കോട് ബാറിലെ അഭിഭാഷകനായ അഡ്വ. ടി.എസ്. അജയ് വ്യക്തമാക്കുന്നു. ഇത് ഇന്ത്യൻ ശിക്ഷനിയമം 406 പ്രകാരം വഞ്ചനക്കുറ്റവും 420 പ്രകാരം തെറ്റിദ്ധരിപ്പിച്ച് പണം കൈവശപ്പെടുത്തലുമാണ്. വ്യക്തമായ അംഗീകാരത്തോടെ മാത്രമേ ഇത്തരം സ്ഥാപനങ്ങൾക്ക് മറ്റൊരാളുടെ പണം കൈവശംവെക്കാൻ കഴിയൂ. അതുണ്ടോയെന്ന് കമ്പനികൾ വ്യക്തമാക്കുന്നില്ല.
18 വയസ്സിൽ താഴെയുള്ളവർ കളിക്കരുതെന്നും കളിച്ചാൽ നിയമപരമായ ഉത്തരവാദിത്തവും ബാധ്യതകളും അവർക്കാണെന്നും ടേംസ് ഓഫ് സർവിസിൽ റമ്മി കളി സൈറ്റുകൾ പറയുന്നു. ഇന്ത്യൻ കോൺട്രാക്ട് ആക്ട് പ്രകാരം പ്രായപൂർത്തിയാവാത്ത വ്യക്തികളുമായി ഉണ്ടാക്കുന്ന കരാറുകൾ അസാധുവാണ്. 18ൽ താഴെയുള്ളവരുമായി ഒരാളും ഒരുതരം കരാറുകളിലും ഏർപ്പെടരുതെന്നാണ് നിയമം. അതുപോലെ, പുതിയ ആളെ ചേർക്കാൻ ഇൻവൈറ്റ് ചെയ്യാൻ ബോണസ് വാഗ്ദാനം ചെയ്യുന്നതും നിയമപരമല്ല.
യൂറോപ്യൻ, അന്താരാഷ്ട്ര നിയമപ്രകാരമാണ് പല ഓൺലൈൻ, ചൂതാട്ട സ്ഥാപനങ്ങളും ലൈസൻസുകൾ നേടുന്നതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് നിയമനടപടി അത്ര എളുപ്പമല്ല. ചില കമ്പനികൾ നിയമപരമായി അനുമതിയുള്ള സംസ്ഥാനങ്ങളിലായിരിക്കും പ്രവർത്തിക്കുന്നത്. എവിടെനിന്ന് ലൈസൻസെടുത്ത സ്ഥാപനങ്ങളാണെങ്കിലും ശരി നാട്ടിലെ മനുഷ്യരെ മാനസികവും ശാരീരികവുമായി തകർക്കാനും കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കാനും വഴിയൊരുക്കുന്നതിനെതിരെ അധികൃതർ ഉണർന്നേ മതിയാവൂ.
ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകളായ റമ്മി, പോക്കര് എന്നിവയെ ആന്ധ്ര സര്‍ക്കാര്‍ നിരോധിച്ചത് 2020 സെപ്റ്റംബറിലാണ്. പണം നഷ്ടമായി നിരവധി പേർ മരിച്ച പശ്ചാത്തലത്തിൽ നവംബറിൽ ഓൺലൈൻ റമ്മിയും ഓൺലൈൻ പോക്കറും അടക്കമുള്ള ചൂതാട്ടം തമിഴ്നാടും നിരോധിച്ചു. ഓൺലൈൻ ചൂതാട്ടം നടത്തുന്നവർക്ക് 5000 രൂപ പിഴയും ആറുമാസം മുതൽ രണ്ടുവർഷം വരെ തടവും ലഭിക്കും. ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങൾ നടത്തുന്നവർക്ക് 10,000 രൂപ പിഴയും രണ്ടുവർഷം വരെ തടവും ലഭിക്കും. അസം, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളും ഓൺലൈൻ ഗെയിമുകൾ നിരോധിച്ചിട്ടുണ്ട്.
അധ്വാനിച്ചുണ്ടാക്കിയ കോടികളും നിരവധി മനുഷ്യരുടെ ജീവനും നഷ്ടപ്പെട്ടിട്ടും കേരളമെന്തേ ഈ സാമൂഹിക വിപത്തിനെ തുടച്ചുനീക്കുന്നില്ലെന്നാണ് പ്രസക്തമായ ചോദ്യം. ഏറെ സംഭവങ്ങളുണ്ടായിട്ടും നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടും അനങ്ങാപ്പാറ നയം തുടരുന്ന കേരളം ഈയിടെയുണ്ടായ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ നിയമം കൊണ്ടുവരുവാൻ സാധ്യത ആരായാൻ തുടങ്ങിയിട്ടുണ്ട്. പഴുതുകളില്ലാത്ത നിയമം കൊണ്ടുവരുകയും കുറ്റക്കാരെ ശിക്ഷിക്കാൻ മുന്നോട്ടുവരുകയും ചെയ്യാത്തപക്ഷം നാട് അഭിമുഖീകരിക്കുക സമാനതകളില്ലാത്ത ദുരന്തത്തെയായിരിക്കുമെന്നുറപ്പ്.
കളിച്ച് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ വീണ്ടും പണമിറക്കണം എന്ന് മനസ്സു പറയും. അതിന് പണം എവിടെനിന്ന് കിട്ടും എന്ന് ആലോചിച്ചു നിൽക്കുന്നവരുടെ മുന്നിലേക്കാണ് എസ്.എം.എസ് എത്തുന്നത്. ഈടോ രേഖകളോ വേണ്ട, ആപ്പ് വഴി അപേക്ഷിച്ചാൽ നിമിഷങ്ങൾക്കകം വായ്പ എന്ന സന്ദേശം. ഇങ്ങനെ ആപ്പിലെ വായ്പയെടുത്ത് ആപ്പിലായ നിരവധി പേരുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബിഗ് ഡേറ്റ എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇ-മെയിലും എസ്.എം.എസും നിരീക്ഷിച്ച് തൊഴിൽ, സാമ്പത്തികശേഷി, വ്യക്തിബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് ഇരകളെ തെരഞ്ഞെടുത്ത് ലിങ്കും മെസേജും അയക്കുന്നത്.
വായ്പ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിബന്ധനകളുടെ വൻ പട്ടിക കാണാം. കോണ്ടാക്ടുകൾ, സ്റ്റോറേജ്, ലൊക്കേഷൻ എന്നിവയുടെയെല്ലാം പെര്മിഷന് കൊടുക്കണം. പണം അത്യാവശ്യമുള്ളവർ കണ്ണടച്ച് അനുമതി െകാടുക്കുമെന്ന് തട്ടിപ്പുസംഘങ്ങൾക്ക് അറിയാം. ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ ഫോണിലെ സ്വകാര്യ വിവരങ്ങളും സേവ് ചെയ്ത ഫയലുകളും അവരുടെ കൈയിലെത്തും. ഓൺലൈൻ ഗെയിമിങ്ങിനു മാത്രമല്ല, ലോക്ഡൗണിൽ സാമ്പത്തിക പ്രയാസം സർവസാധാരണമായതോടെ സകല വിഭാഗം ആളുകളും ഈ സൗകര്യം പരീക്ഷിച്ച് കൈപൊള്ളിയിട്ടുണ്ട്.
ഒരു വായ്പ അടക്കാൻ മറ്റു മൂന്ന് വായ്പയെടുക്കേണ്ടിവന്നവരും ഒരു ലക്ഷമെടുത്ത് മൂന്നരലക്ഷം അടച്ചവരും അപമാനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തവരും ഉണ്ട്. 7000 രൂപ വായ്പയെടുത്ത മലപ്പുറം തിരൂർ ചക്കരമൂല സ്വദേശി അങ്ങനെ കുടുങ്ങിയതാണ്. ഒരു തവണ മുടങ്ങിയപ്പോൾ ഭീഷണിയും അപമാനിക്കലുമായെന്ന് സൈബർ സെല്ലിന് നൽകിയ പരാതിയിൽ പറയുന്നു. ആന്ധ്ര, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് കാളുകൾ വരുന്നത്. വായ്പയെടുത്ത കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിനി പണം മുഴുവൻ തിരിച്ചടച്ചിട്ടും വീണ്ടും അടക്കാൻ ഭീഷണി തുടരുന്നു.
ഓൺലൈൻ വഴി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങുന്നവരെ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി ഭീഷണിപ്പെടുത്തിയതിന് തൃശൂരിൽ ഒരു മാസത്തിനിടെ അഞ്ചുകേസുകളാണ് സൈബർ പൊലീസ് എടുത്തത്.
റിസര്‍വ് ബാങ്ക് അംഗീകരിച്ച ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും മാത്രമേ വായ്പ ആപ്പുകളും പോര്‍ട്ടലുകളും ഉപയോഗിച്ച് വായ്പ വിതരണം ചെയ്യാവൂ. മൊബൈല്‍ ഒാണ്‍ലി നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി (എൻ.ബി.എഫ്.സി) രജിസ്ട്രേഷൻ ഉണ്ടോയെന്ന് ശ്രദ്ധിക്കണം.
റിസർവ് ബാങ്കിെൻറ അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കാതിരിക്കുക. പലിശ നിരക്ക്, കാലാവധി, നിബന്ധനകൾ എന്നിവ കൃത്യമായി മനസ്സിലാക്കുക. അത്യാവശ്യമുള്ള ആപ്പുകൾ സൂക്ഷിച്ച് ബാക്കി ഒഴിവാക്കുക.
കോൺടാക്ടുകൾ, എസ്.എം.എസ്, സ്റ്റോറേജ്, ഇ-മെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയവയിലേക്ക് അനുമതി ചോദിച്ചാൽ അത്യാവശ്യമെങ്കിൽ മാത്രം അനുമതി നൽകുക. സംശയം തോന്നിയാൽ പൊലീസിനെ സമീപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.