തിരുവനന്തപുരം: എ.ഐ കാമറ വിവാദത്തിൽ സർക്കാറിന് പ്രതിരോധം തീർത്ത് സി.പി.എം രംഗത്തെത്തിയെങ്കിലും ആത്യന്തികമായി ഉത്തരവാദിത്വം മുഴുവൻ കെൽട്രോണിന് മേൽ കെട്ടിയേൽപ്പിച്ചതല്ലാതെ വിവാദമായ ഉപകരാറുകളിലടക്കം പാർട്ടി സെക്രട്ടറിക്കും വിശദീകരണമില്ല. അഴിമതിയില്ലെന്ന് സ്ഥാപിക്കാൻ എം.വി. ഗോവിന്ദൻ നിരത്തിയ കണക്കുകളെല്ലാം ഒന്നാം ദിവസം മുതൽ കെൽട്രോൺ ആവർത്തിക്കുന്നവയാണ്.
സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും നയാ പൈസ ചെലവായിട്ടില്ലെന്നും ഉപകരാറുകൾക്ക് ഉത്തരവാദി കെൽട്രോണെന്നും വിദശീകരിക്കുന്ന പാർട്ടി സെക്രട്ടറി, നേരത്തേ ഗതാഗത മന്ത്രി ആന്റണി രാജുവടക്കം സ്വീകരിച്ച തന്ത്രപരമായ കൈയൊഴിയൽ നയം ആവർത്തിച്ചതല്ലാതെ പുതിയ കാര്യങ്ങളൊന്നും പറഞ്ഞുവെച്ചിട്ടില്ല.
കെൽട്രോൺ നടത്തിയ വഴിവിട്ട ഇടപാടുകളും ഉപകരാറുകളുമാണ് സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിച്ച നിർമിത ബുദ്ധി കാമറയെ സംശയനിഴലിലാക്കിയത്. ദുരൂഹമായ ഉപകരാറുകളാണ് മുഖ്യമന്ത്രിയിലേക്കടക്കം സംശയമുന നീണ്ട ആരോപണങ്ങൾക്ക് ഇടവരുത്തിയത്.
ഇതു സംബന്ധിച്ച് വിശദീകരിക്കുകയും വ്യക്തത വരുത്തുകയും വേണമെന്നാണ് പ്രതിപക്ഷം ആവർത്തിക്കുന്നത്. എന്നാൽ, സർക്കാർ പണം ചെലവഴിക്കാത്തതിനാൽ ‘നഷ്ടമില്ല, അഴിമതിയില്ല’ എന്ന് പറഞ്ഞൊഴിയുന്നതല്ലാതെ ഉപകരാറുകളെകുറിച്ച് വിശദീകരിക്കാൻ പാർട്ടിയും സന്നദ്ധമാകുന്നില്ല. പകരം സംശയനിഴലിലുള്ള കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്വം കെൽട്രോണിന്റെ ചുമലിൽ ചാർത്തുകയാണ്.
കാമറയും കൺട്രോൾ റൂമുകളുമടക്കം സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് 142 കോടിയും അഞ്ചു വർഷത്തെ ശമ്പളമടക്കം നിർവഹണച്ചെലവ് 56.24 കോടിയും, ജി.എസ്.ടി 35.76 കോടിയുമടക്കം പദ്ധതിയുടെ ചെലവ് 232 കോടിയെന്ന കെൽട്രോൺ വാദമാണ് സി.പി.എം ആവർത്തിക്കുന്നത്. കെല്‍ട്രോണ്‍ 151.22 കോടിക്കാണ് പദ്ധതി ബംഗളൂരു ആസ്ഥാനമായ കമ്പനിയെ ഏല്‍പ്പിച്ചതെന്നും ഈ കമ്പനി മറ്റു രണ്ട് കമ്പനികളുമായുണ്ടാക്കിയ ഉപകരാറിൽ 75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നുവെന്നുമാണ് രേഖകൾ പുറത്തുവിട്ടുള്ള പ്രതിപക്ഷ ആരോപണം.
75 കോടി 151 കോടിയായും പിന്നീട് 232 കോടിയായും മാറുന്നത് എങ്ങനെയെന്നതാണ് ചോദ്യം. മാർച്ച് 15ന് നിയമസഭയിൽ മന്ത്രി ആന്റണി രാജു രേഖാമൂലം നൽകിയ മറുപടിയിൽ കൺട്രോൾ റൂമും കാമറകളും സ്ഥാപിക്കുന്നതിന് 165.89 കോടി രൂപയാണ് വേണ്ടി വന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളിളെല്ലാം ബന്ധപ്പെടുന്നതും വ്യക്തത വരേണ്ടതും ഉപകരാറുകളിലാണെന്നിരിക്കെ അതിനെക്കുറിച്ച് പരാമർശമേയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.