തിരുവനന്തപുരം: തെരുവുനായ് ശല്യത്തിന് അറുതിവരുത്താൻ അക്രമകാരികളും പേപിടിച്ചതുമായ നായ്ക്കളെ കൊന്നൊടുക്കാനുള്ള അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കാൻ തദ്ദേശ മന്ത്രി എം.ബി. രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിൽ ധാരണയായി. കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിലാണ് ഈ നീക്കം. തെരുവുനായ് ഭീതി ഒഴിവാക്കാൻ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്തും. ഇതിനായി പ്രത്യേക വാഹനം വാടകക്കെടുക്കും.
ഡ്രൈവിനായി വെറ്ററിനറി സർവകലാശാലയിൽനിന്നുള്ള 300 പി.ജി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. കൂടുതൽ പേരെ പരിശീലിപ്പിക്കും. കുടുംബശ്രീയിൽനിന്നും കോവിഡ് കാല വളന്റിയർമാരിൽനിന്നും സന്നദ്ധത അറിയിക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി നിയോഗിക്കും. ഈ മാസം തന്നെ പരിശീലനം പൂർത്തിയാക്കുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ഡ്രൈവും കുട്ടികൾക്ക് ബോധവത്കരണവും നൽകും. തെരുവുനായ്ക്കളെ കുത്തിവെപ്പിന് എത്തിക്കുന്നവർക്ക് 500 രൂപ പാരിതോഷികം നൽകും. വാക്സിൻ നൽകാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഭക്ഷണത്തിൽ ചേർത്ത് ഓറൽ വാക്സിൻ നൽകുന്നത് ആരായും. എല്ലാ വളർത്തുനായ്ക്കൾക്കും ഒക്ടോബർ 30നകം വാക്സിനേഷനും ലൈസൻസും പൂർണമാക്കാനുള്ള നടപടിയും സ്വീകരിക്കും. നടപടികൾ സംസ്ഥാനതലത്തിൽ രണ്ടാഴ്ചതോറും വിലയിരുത്തും. ജില്ലതലത്തിൽ ആഴ്ചയിലൊരിക്കലും തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ ദിവസംതോറും വിലയിരുത്തലുണ്ടാകും.
മുൻ തദ്ദേശമന്ത്രി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ കഴിഞ്ഞമാസം കൈക്കൊണ്ട തീരുമാനപ്രകാരം അനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം (എ.ബി.സി) 152 ബ്ലോക്കുകളിലായി 72 സെന്ററുകൾ ആരംഭിക്കാൻ തീരുമാനിച്ചു. 37 എണ്ണം ഇപ്പോൾ സജ്ജമാണെന്നും വാക്സിനേഷനൊപ്പം ഈ കേന്ദ്രങ്ങളിൽ നായ്ക്കളുടെ വന്ധ്യംകരണ നടപടികളും മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. മറ്റിടങ്ങളിൽ 50 ദിവസത്തിനകം ഇവ തയാറാക്കാൻ നടപടി സ്വീകരിക്കും.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ, തദ്ദേശഭരണ പ്രിൻസിപ്പൽ ഡയറക്ടർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
പഞ്ചായത്തുതലത്തിൽ ഷെൽട്ടറുകൾ തുടങ്ങി ഇവയെ പാർപ്പിക്കുന്ന കാര്യങ്ങളും പരിഗണിക്കുന്നു. എ.ബി.സി പദ്ധതി നടപ്പാക്കാൻ നേരത്തേ കുടുംബശ്രീയെ നിയോഗിച്ചിരുന്നെങ്കിലും ഹൈകോടതി തടഞ്ഞിരുന്നു.
ഇക്കാര്യത്തിലെ നിയമതടസ്സം നീക്കാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ തീരുമാനങ്ങൾ നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ല ആസൂത്രണസമിതി ഭാരവാഹികളായ ജില്ല പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കലക്ടർമാരുടെയും യോഗം ചൊവ്വാഴ്ച ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.