ആലപ്പുഴ: തെരഞ്ഞെടുപ്പു ചരിത്രമെടുത്താൽ വലതിനെയും ഇടതിനെയും ഒരുപോലെ സ്വീകരിക്കുകയും തള്ളുകയും ചെയ്ത പാരമ്പര്യമാണ് മണ്ഡലത്തിനുള്ളത്. 2011ൽ മണ്ഡലം പുനഃസംഘടിപ്പിച്ചതോടെ ഇടതുപക്ഷത്തിന് കൂടുതൽ വേരോട്ടം കൈവന്നു. 20 വർഷത്തെ യു.ഡി.എഫിെൻറ കുത്തക തകർത്തായിരുന്നു പിന്നീടുള്ള മുന്നേറ്റം. 1957ല്‍ രൂപവത്കരിച്ച മണ്ഡലത്തിൽ ആദ്യവിജയം കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്വന്തമായിരുന്നു. ടി.വി എന്ന ചുരുക്കേപ്പരിലറിയുന്ന കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസിലൂടെയാണ് കന്നിവിജയം നേടിയത്. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ ഗതാഗതമന്ത്രിയുമായി. 1960ൽ എ. നബീസത്ത് ബീവിയെ രംഗത്തിറക്കിയാണ് കോൺഗ്രസ് സീറ്റ് തിരിച്ചുപിടിച്ചത്. തൊട്ടുപിന്നാലെ കന്നിമത്സരത്തിനിറങ്ങിയ ജി. ചിദംബരയ്യരും വിജയം കോൺഗ്രസ് പക്ഷത്തേക്ക് എത്തിച്ചു.
1967 മുതല്‍ ചിത്രം വീണ്ടും മാറി. 1967-70 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ടി.വി. തോമസിനെ നിയോഗിച്ച് വീണ്ടും വിജയം ഇടതുപക്ഷത്തിലേക്ക് എത്തിച്ചു. 1977-80ൽ പി.കെ. വാസുദേവൻ നായർ (പി.കെ.വി) മണ്ഡലത്തെ പ്രതിനിധാനംചെയ്ത് വിജയത്തിളക്കം കൂട്ടി. രണ്ടുതവണയും തോൽപിച്ചത് എൻ.ഡി.പിയിലെ കെ.പി. രാമചന്ദ്രൻ നായരെയാണ്. 1982ല്‍ കെ.പി. രാമചന്ദ്രന് നായര്‍ പി.കെ.വിയെ തോൽപിച്ചാണ് പകരംവീട്ടിയത്.
1987ല്‍ റോസമ്മ പുന്നൂസിലൂടെ വീണ്ടും ജയം എൽ.ഡി.എഫിനൊപ്പമെത്തി. 1991ല്‍ കരുത്തുകാട്ടിയ എൻ.ഡി.പിയിലെ കെ.പി. രാമചന്ദ്രന് നായർ വിജയക്കൊടി വീണ്ടും പാറിച്ചു. 1996, 2001, 2006 തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിലെ കെ.സി. വേണുഗോപാലാണ് ജയിച്ചത്. 2009ൽ എം.എൽ.എ സ്ഥാനം രാജിവെച്ച് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വേണുഗോപാല്‍ എം.പിയായി. തുടര്‍ന്ന് രാജിെവച്ച ഒഴിവില്‍ 2009ൽ നടന്ന തെരഞ്ഞെടുപ്പില്‍ എ.എ. ഷുക്കൂറിലൂടെ യു.ഡി.എഫ് മണ്ഡലം നിലനിര്‍ത്തി. 2011ല്‍ തോമസ് ഐസക്കിലൂടെ ആലപ്പുഴ വീണ്ടും ചുവന്നു. 2016ൽ തുടർവിജയം നേടി. 31,032 വോട്ടിെൻറ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ ലാലി വിൻസൻറിനെയാണ് തോൽപിച്ചത്.
മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിയെയും സംസ്ഥാന മന്ത്രിമാരെയും സംഭാവന നൽകിയ മണ്ഡലമാണിത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ചനേട്ടമുണ്ടാക്കി. യു.ഡി.എഫ് ഭരിച്ചിരുന്ന ആലപ്പുഴ നഗരസഭ പിടിച്ചെടുത്തതിനൊപ്പം ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് എന്നിവിടങ്ങളിൽ ഭരണസാരഥ്യം നിലനിർത്തി. എന്നാൽ, വോട്ടുനില പരിശോധിച്ചാൽ എൽ.ഡി.എഫിന് കുറവുണ്ട്. എൽ.ഡി.എഫിന് 69,256ഉം യു.ഡി.എഫിന് 51,688 ഉം വോട്ടുകളാണ് കിട്ടിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തോമസ് ഐസക്കിന് കിട്ടിയത് 83,211 വോട്ടാണ്. ഭൂരിപക്ഷം 31,032 വോട്ടും. അറബിക്കടല്‍ പടിഞ്ഞാറും വേമ്പനാട്ടുകായല്‍ കിഴക്കും അതിര്‍ത്തി തീര്‍ക്കുന്ന മണ്ഡലം കനാലുകളുടെയും ഹൗസ്ബോട്ടുകളുടെയും നെഹ്റു ട്രോഫി ജലകേളിയുടെയും അകമ്പടിയാല് ലോകപ്രശസ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.