തൃശ്ശൂര്‍: കാര്‍ഷിക സര്‍വകലാശാല വെള്ളാനിക്കര കാമ്പസിലെ ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ വിദ്യാർഥി തൂങ്ങിമരിച്ച നിലയില്‍. കൊഴിഞ്ഞാമ്പാറ സ്വദേശി കരുമണ്‍ കൈരളി ഗര്ഡനില് വേല്മുരുകെൻറ മകന് മഹേഷിനെയാണ് (20) ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഹോർട്ടികൾചറൽ കോളജിലെ ഒന്നാംവര്‍ഷ ബി.എസ്സി അഗ്രികള്‍ചര്‍ വിദ്യാര്‍ഥിയാണ്. ഒരാഴ്ച മുമ്പാണ് കാമ്പസില്‍ എത്തിയത്.
കൂടെ താമസിക്കുന്ന വിദ്യാർഥിയാണ് ആദ്യം ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചത്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാവ്: ഗോമതി. സഹോദരി: പ്രസന്ന. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മണ്ണുത്തി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
തൃശൂർ: വിദ്യാർഥിയുടെ ആത്മഹത്യയോടെ കാർഷിക സർവകലാശാലയിൽ റാഗിങ് ആരോപണം ഉയരുമ്പോൾ നേരത്തേ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. ഹോർട്ടികൾചറൽ കോളജ് ഹോസ്റ്റലിൽ പെൺകുട്ടികളെ റാഗിങ്ങിന് ശ്രമിച്ചതായി സർവകലാശാല രജിസ്ട്രാർക്ക് പരാതി നൽകിയിട്ടും അന്വേഷണം പോലുമുണ്ടായില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. കഴിഞ്ഞമാസം 25 മുതൽ കോളജുകൾ തുറക്കാൻ നിർദേശം വന്നതിനെ തുടർന്ന് 24ന് ഹോസ്റ്റലിൽ എത്തിയ വിദ്യാർഥികൾക്ക് നേരെയാണ് ഭീഷണിയും റാഗിങ്ങുമുണ്ടായത്. ആൺകുട്ടികളുടെ വിഭാഗത്തിൽ താമസിക്കുന്ന അഗ്രികൾചറൽ കോളജിലെ സീനിയർ ആൺകുട്ടികളെത്തി ഇവരെ തടയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവത്രെ. രക്ഷിതാക്കളടക്കം നോക്കി നിൽക്കെയായിരുന്നു റാഗിങ്.
ആത്മഹത്യയിൽ ദുരൂഹത –എസ്.എഫ്.ഐ
തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ ഒന്നാംവർഷ ഹോർട്ടികൾചർ വിദ്യാർഥി മഹേഷ് ആത്മഹത്യ ചെയ്തത് ദുരൂഹ സാഹചര്യത്തിലാണെന്ന് എസ്.എഫ്.ഐ. കെ.എസ്.യുവിനും വലതുപക്ഷ അരാജകവാദികൾക്കും വലിയ സ്വാധീനമുള്ള കാമ്പസാണ് ഹോർട്ടികൾചർ കോളജ്. നിരന്തരമായി വിദ്യാർഥികളെ റാഗിങ്ങിന് ഇരയാക്കുന്ന സാഹചര്യം നിലവിലുണ്ട്. മഹേഷിെൻറ ആത്മഹത്യയിൽ റാഗിങ് ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും ജില്ല പ്രസിഡൻറ് ജാസിർ ഇക്ബാൽ, സെക്രട്ടറി സി.എസ്. സംഗീത് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.