തിരുവനന്തപുരം: സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ രജിസ്ട്രാറുടെ മേശപ്പുറത്ത് ഇനി പണപ്പെട്ടി ഉണ്ടാവില്ല. രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കേണ്ടത് ഇനി ഓണ്‍ലൈന്‍ ആയി. സംസ്ഥാനത്തെ 314 സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ഇതിനുള്ള സംവിധാനം ഒരുങ്ങി. 1000, 500 രൂപ നോട്ടുകള്‍ അസാധുവായതോടെ രജിസ്ട്രേഷന്‍ ഫീസായി സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ചാക്കില്‍ നിറച്ച് നാണയങ്ങള്‍ വരെ എത്തിച്ചിരുന്നു. ഇത് വസ്തുകൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ജീവനക്കാര്‍ക്കും വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രജിസ്ട്രേഷന്‍ ഫീസ് ബാങ്ക് വഴിയാക്കാന്‍ അടിയന്തരമായി ഒരുക്കങ്ങള്‍ നടത്തിയത്. ഫീസ് നല്‍കിയ ശേഷം ബാക്കി കിട്ടുന്നില്ളെന്ന പരാതികള്‍ക്കും ഇതോടെ പരിഹാരമാകും.
സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ പ്രതിദിനം കോടിക്കണക്കിനു രൂപ രജിസ്ട്രേഷന്‍ ഫീസായി ലഭിക്കുന്നുണ്ട്. ഇത് അടുത്തദിവസം ട്രഷറികളില്‍ അടയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്. അവധിദിവസമായാല്‍ ലക്ഷക്കണക്കിന് രൂപ സബ് രജിസ്ട്രാര്‍മാര്‍ കൈയില്‍ കരുതേണ്ട സ്ഥിതിയുണ്ട്. സംസ്ഥാനത്തെ മിക്ക സബ് രജിസ്ട്രാര്‍ ഓഫിസുകളിലും ഒരു സുരക്ഷിതത്വവും ഇല്ളെന്നത് വസ്തുതയാണ്. ഇതിനിടെ തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് ട്രഷറിയില്‍ അടയ്ക്കുന്നതിന് കൊണ്ടുപോയ അര കോടിയിലേറെ രൂപ തട്ടിയെടുത്ത സംഭവവും ഉണ്ടായി. ഇതില്‍ രണ്ട് സബ് രജിസ്ട്രാര്‍മാര്‍ ഉള്‍പ്പെടെ ആറ് പേരെ സസ്പെന്‍ഡും ചെയ്തിരുന്നു. ഇതോടെയാണ് രജിസ്ട്രേഷന്‍ വകുപ്പ് രജിസ്ട്രേഷന്‍ ഫീസും ഇ-പേമെന്‍റാക്കുന്നതിനെ ക്കുറിച്ച് സജീവമായി ആലോചിച്ചത്.
പണം ട്രഷറികളില്‍ അടയ്ക്കാനായി പോകുന്ന ജീവനക്കാര്‍ക്ക് യാത്രാബത്ത നല്‍കേണ്ടതില്ല എന്ന പ്രയോജനവുമുണ്ട്. ട്രഷറികളില്‍ പണം അടയ്ക്കുന്നതിനായി ജീവനക്കാര്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നിന്ന് പോകുന്നതിനാല്‍ പലയിടത്തും ഓഫിസ് പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നതായും പരാതി ഉയര്‍ന്നിരുന്നു. ആധാരങ്ങള്‍ തയാറാക്കി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ രജിസ്ട്രേഷന്‍ ഫീസിന്‍െറ വിവരം ലഭിക്കും. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന്‍ ഫീസ് അടച്ചശേഷം രജിസ്ട്രേഷന്‍ പൂര്‍ത്തീകരണത്തിന് സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തിക്കണം.
തുടര്‍ന്ന് വസ്തുകൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവരുടെ ഒപ്പുകള്‍ രേഖപ്പെടുത്തി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കും. രജിസ്ട്രേഷനായി എത്തിക്കുന്ന ആധാരങ്ങള്‍ ഇനി അകാരണമായി നിരസിക്കാനും രജിസ്റ്ററിങ് ഉദ്യോഗസ്ഥന് കഴിയില്ല. എന്തെങ്കിലും കാരണത്താല്‍ രജിസ്ട്രേഷന്‍ ചെയ്യാതെ ആധാരങ്ങള്‍ മടക്കിയാല്‍ നിഷേധക്കുറിപ്പും നല്‍കണം. മതിയായ കാരണമില്ലാതെ നിക്ഷേധക്കുറിപ്പ് നല്‍കുന്ന രജിസ്റ്ററിങ് ഉദ്യോഗസ്ഥന് പണിയുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.